name
ഫുട്ബാൾ ആവേശം അലതല്ലുന്ന ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിൽ ഷനീർ- ഫാത്തിമ ദമ്പതികൾ കുട്ടിക്ക് പേരിടുന്നു.

ചാലക്കുടി: ലോകകപ്പിന്റെ ആവേശം അലകടലാകുന്നതിനിടെ കലാഭവൻ മണിയുടെ നാട്ടിലൊരു മെസി പിറവിയെടുത്തു. പടിഞ്ഞാറെ ചാലക്കുടിയിലെ കല്ലൂപ്പറമ്പിൽ ഷനീർ- ഫാത്തിമ ദമ്പതികളുടെ സീമന്ത പുത്രനാണ് മെസിയായത്. ഹൈദീൻ മെസിയെന്ന് പിതാവ് ഷനീർ കുഞ്ഞിന്റെ കാതിൽ ഓതിയപ്പോൾ നഗരസഭ ഇൻഡോർ സ്‌റ്റേഡിയം തിങ്ങിനിറഞ്ഞ അർജന്റീന ആരാധാകർ ഹർഷാരവം മുഴക്കി. മറ്റു രാജ്യങ്ങളുടെ ഫാൻസും ആഘോഷത്തിൽ പങ്ക്‌ചേർന്നു. തങ്ങളുടെ കടിഞ്ഞൂൽ കുഞ്ഞ് ആണായാൽ മെസിയെന്ന് പേരിടാൻ വിവാഹം കഴിഞ്ഞയുടനെ ഇവർ ഉറച്ച തീരുമാനം എടുത്തിരുന്നു. അർജന്റീന ആരാധകരായ ബന്ധുക്കളും തീരുമാനത്തെ തലകുലുക്കി അനുകൂലിച്ചു. 28 ദിവസം മുമ്പ് കുട്ടി ജനിച്ചതും ലോകകപ്പ് ഫുട്ബാൾ മത്സരം ജൂണിൽ നിന്നും നവംബറിലേക്ക് മാറ്റിയതും ഇവർക്ക് അനുകൂല ഘടകമായി. ഷനീറിന്റെ ആഗ്രഹം അറിഞ്ഞ കൂട്ടുകാർ പേരിടൽ ചടങ്ങ് അർന്റീന ഫാൻസിന്റെ പേരിലാക്കാനും തീരുമാനിച്ചു. അങ്ങനെ ചൊവ്വാഴ്ചയിലെ മെസിയുടെ ആദ്യമത്സര ദിവസം തിരഞ്ഞെടുക്കുകയായിരുന്നു. നഗരസഭാ ഇൻഡോർ സ്‌റ്റേഡയത്തിൽ ഒരുക്കിയ 2022 ഫുട്ബാൾ പോരാട്ടം പ്രദർശന വേദി ഇതിന് അനുവദിക്കാൻ നഗരസഭയും സന്തോഷത്തോടെ സമ്മതിച്ചു. മാതാപിതാക്കൾ അർജന്റീനയും പത്താം നമ്പർ ജേഴ്‌സിയിലാണ് എത്തിയത്. കുട്ടിയുടെ വേഷവും ഇതുതന്നെയായി. ഇടവേളയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എബി ജോർജ്, വൈസ് ചെയർമാൻ ആലീസ് ഷിബു, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, പാർലിമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, അർജന്റീന ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ഡേവിസ് കുണ്ടുകുളങ്ങര, ലിജോ മുളങ്ങാടൻ, മാർട്ടിൻ, പി.എച്ച്. അംജാദ് എന്നിവരും സംബന്ധിച്ചു. കേക്ക് മുറിച്ചും ദമ്പതികൾ ആഘോഷം കെങ്കേമമാക്കി. നാൽപ്പത് കുളി കഴിഞ്ഞ് വീട്ടിൽ ആചാരപ്രകാരമുള്ള പേരുചൊല്ലുവിളിയും നടക്കും.