ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളടങ്ങിയ അപൂർവ രേഖാ ചിത്രങ്ങളുടെ പ്രദർശനം രേഖായനം 22 ചിത്രപ്രദർശനം ടി. കലാധരൻ ഉദ്ഘാടനം ചെയ്യുന്നു.
കുന്നംകുളം: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളടങ്ങിയ അപൂർവ രേഖാ ചിത്രങ്ങളുടെ പ്രദർശനം രേഖായനം 22 ഉദ്ഘാടനം ടി. കലാധരൻ നിർവഹിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ, നാലപ്പാടും ബാലാമണിയമ്മയും മാധവിക്കുട്ടിയും ചിത്രലോകത്തെ കുലപതിയായ കെ.സി.എസ്. പണിക്കരും തുടങ്ങിയ നിരവധി അനശ്വരപ്രതിഭകൾക്ക് ജന്മം നൽകിയ പുന്നയൂർക്കുളത്തിന്റെ തിളക്കമേറിയ സാംസ്‌കാരിക ചക്രവാളം ഓർമ്മപ്പെടുത്തി നമ്പൂതിരി ചിത്രങ്ങളുടെ അതേ നൈർമ്മല്യത്തോടെ തെളിമയോടെ ഭാവുകത്വത്തോടെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രകലാ ജീവിതത്തിന്റെ വാങ്മയചിത്രം വരച്ചത് പ്രഗത്ഭ പ്രാസംഗികനും സഹപ്രവർത്തകനുമായ കെ.സി. നാരായണനാണ്. സുപ്രസിദ്ധ ചിത്രകാരനായ മദനൻ സദസിനെ സാക്ഷി നിറുത്തി തനിക്ക് ഗുരുതുല്യനായ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രം തത്സമയം കാൻവാസിൽ പകർത്തിയ ചിത്രം ഗുരുദക്ഷിണയായി നമ്പൂതിരിക്ക് സമർപ്പിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ, ആർട്ടിസ്റ്റ് ഗിരീശൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ പെപ്പർ ടൂറിസം പദ്ധതിയുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 200ൽ പരം അധികം പ്രദർശിപ്പിക്കാത്ത ചിത്രങ്ങളടങ്ങിയ പ്രദർശനം നവംബർ 27 വരെ നീണ്ടു നിൽക്കും.