 
കൊടകര: പഞ്ചായത്തിൽ ഭിന്നശേഷി കുട്ടികൾക്കായി കലാകായിക മേള 'കളിക്കൂട്ടം' സംഘടിപ്പിച്ചു. അഞ്ച് മുതൽ 30 വയസ് വരെ പ്രായമുളള 47 പേർ വിവിധ കലാകായിക മത്സരങ്ങളിൽ പങ്കെടുത്തു. ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. പെൻസിൽ ഡ്രോയിംഗ്, ലളിതഗാനം, പ്രച്ഛന്നവേഷം, സിംഗിൾ ഡാൻസ്, മിഠായി പറക്കൽ, ബക്കറ്റ്ബാൾ ഡെപോസ്റ്റ്, സ്പൂൺ റൈസ്, കസേരക്കളി തുടങ്ങിയ മത്സരങ്ങളാണ് പ്രധാനമായും നടന്നത്. മികച്ച മൂന്ന് പേരെ തിരഞ്ഞെടുത്ത് ബ്ലോക്ക്തല മത്സരത്തിൽ പങ്കെടുപ്പിക്കും. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി. ഭിന്നശേഷിക്കാർ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ എന്നിവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് മേളകൊണ്ട് ലക്ഷ്യമിടുന്നത്. 2022-23 വികസന ഫണ്ടിൽ നിന്ന് 75,000 രൂപ ചെലവഴിച്ചാണ് 'കളിക്കൂട്ടം' പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലാകായിക മേള കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി രജീഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത്‌മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.