പൊറത്തുച്ചിറ കെട്ടുന്നതിൽ അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി സംയുക്ത പാടശേഖരത്തിലെ പൊറത്തുച്ചിറ കെട്ടുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ഭരണ നേതൃത്വം അനാസ്ഥ കാണിക്കുന്നതായി ആരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടിയും, ബി.ജെ.പി അംഗങ്ങൾ പ്ലക്കാർഡുമായും കൗൺസിൽ യോഗത്തിലെത്തി.

പ്രതിഷേധം പ്രഹസനമെന്നും, വാർഡ് കൗൺസിലറുടെ വീഴ്ച മറച്ചുവയ്ക്കാനാണ് പ്രതിഷേധമെന്ന് യു.ഡി.എഫ്. കാലങ്ങളായി ഒക്ടോബർ അവസാനത്തിൽ കെട്ടിയിരുന്ന ചിറ കെട്ടാൻ ഭരണ നേതൃത്വം തയ്യാറാകുന്നില്ലെന്നും ഇതുമൂലം കാർഷിക മേഖലക്ക് ജല ലഭ്യത ഉറപ്പു വരുത്താനാകുന്നില്ലെന്ന് എൽ.ഡി.എഫ് അംഗം സി.സി ഷിബിൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഭരണനേതൃത്വത്തിന്റെ ഭാഗത്ത് നിന്നും, വാർഡ് കൗൺസിലറുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായതായി ബി.ജെ.പി അംഗം ടി.കെ. ഷാജു കുറ്റപ്പെടുത്തി. സെപ്തംബറിൽ തന്നെ ചിറ കെട്ടുന്നതുമായി ബന്ധപ്പെട്ട് പ്രോജക്ട് തയ്യാറാക്കിയിരുന്നതായി വാർഡ് കൗൺസിലർ സതി സുബ്രഹ്മണ്യൻ വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ രശീതിയും തന്റെ കൈവശമുണ്ടെന്ന് സതി സുബ്രഹ്മണ്യൻ പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് വാർഡ് കൗൺസിലർ വിഷയം തന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതെന്നും അടുത്ത ദിവസം എൻജിനിയറിംഗ് വിഭാഗവുമായി ബന്ധപ്പെട്ട് ഷട്ടർ താഴ്ത്താനും മണൽചാക്കുകൾ ഇറക്കുന്നതിനും നടപടി സ്വീകരിച്ചിരുന്നതായി ചെയർപേഴ്‌സൺ സോണിയ ഗിരി പറഞ്ഞു. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ രണ്ടാമത് ടെൻഡർ ചെയ്തിട്ടുള്ളത് 25ന് ലഭിക്കുമെന്നും, ഒരു ടെൻഡർ ആണെങ്കിൽ പോലും പ്രവൃത്തി ചെയ്യാനാകുമെന്നും സോണിയ ഗിരി വിശദീകരിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി അദ്ധ്യക്ഷയായി.