ചാലക്കുടി: ഭക്ഷ്യസുരക്ഷാ രംഗത്ത് എഫ്.സി.ഐയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതര്യവുമാക്കിയെന്ന് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡബ്‌ളിയു ബി.എൻ.പി, എം.ഡി. പദ്ധതികൾ വഴി ചാലക്കുടി എഫ്.സി.ഐ യിൽ ഫോർട്ടിഫൈഡ് ചെയ്ത അരി വിതരണം പുരോഗമിക്കുന്നതായും വക്താക്കൾ അറിയിച്ചു.
2021 ൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച എഫ്.സി.ഐ ഡിപ്പോയായി ചാലക്കുടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പി.എം.ജി.കെ.വൈ വിഭാഗത്തിൽ 62,846 ടൺ ഭക്ഷ്യധാന്യം വിതരണം ചെയ്തിരുന്നു. ഇതിൽ 55,050 ടൺ അരിയും 7,796 ടൺ ഗോതമ്പും ഉൾപ്പെടുന്നു. ചാലക്കുടി ഡിപ്പോയിൽ 1973 ലും 1979 ലും നിർമ്മിച്ച രണ്ട് ഗോഡൗണുകളുണ്ട്. ഇവയ്ക്ക് ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ ലൈസൻസും വെയർ ഹൗസ് ഡെവലപ്പ്‌മെന്റ് ആൻഡ് റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരവും ലഭിച്ചു.
കഴിഞ്ഞ ജൂലൈ മാസത്തിൽ കേന്ദ്ര ഭക്ഷ്യവിഭവ മന്ത്രി അശ്വനികുമാർ ചൗബി ചാലക്കുടി ഡിപ്പോ സന്ദർശിച്ചിരുന്നു. തൃശൂർ ജില്ലയിൽ മുളങ്കുന്നത്തുകാവിലും ചാലക്കുടിയിലും ഗോഡൗണുകളുണ്ട്. കൊവിഡ് കാലത്ത് ജില്ലയിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ 5,432 വാഗൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് സംഭരിച്ചിരുന്നു. നിലവിൽ ഇവിടെ 30,850 ടൺ അരിയും 7,696 ടൺ ഗോതമ്പും സ്റ്റോക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഡിപ്പോ മാനേജർ നവനീത് കൃഷ്ണൻ, ക്വാളിറ്റി കൺട്രോൾ മാനേജർമാരായ പി.ആർ. പ്രകാശൻ, ദേവേന്ദർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.