പാവറട്ടി: കോൾ പാടശേഖരങ്ങളിൽ കൃഷിയിറക്കിയിട്ടും ഏനാമാക്കൽഫെയ്‌സ് കനാലിൽ താത്കാലിക വളയംകെട്ട് നിർമ്മാണം തുടങ്ങാത്തത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. മഴ കുറഞ്ഞതിനെ തുടർന്ന് പുളിവെള്ളം കയറാൻ തുടങ്ങി. കൃഷിയിറക്കിയ തെക്കെ കോഞ്ചിറ, വടക്കെ കോഞ്ചിറ, പടിഞ്ഞാറെ കരിമ്പാടം, കിഴക്കെ കരിമ്പാടം, മണലൂർത്താഴം തുടങ്ങിയ പാടശേഖരത്തിലേക്ക് വെള്ളം കയറ്റി തുടങ്ങിയപ്പോഴാണ് ഉപ്പുവെള്ള ഭീഷണി ഉയരുന്നത്. തുലാവർഷം വേണ്ടത്ര അളവിൽ ലഭിക്കാത്തതും റെഗുലേറ്റർ ഷട്ടറുകൾക്ക് ചോർച്ചയുള്ളതുമാണ് ഉപ്പുവെള്ളം കയറാൻ പ്രധാന കാരണം. ഇത് തടയാനാണ് താത്കാലിക വളയം ബണ്ട് കെട്ടുന്നത്. ഇനിയും വളയം ബണ്ട് നിർമ്മാണം തുടങ്ങിയില്ലെങ്കിൽ നെൽക്കൃഷിയെ ഗുരുതരമായി ബാധിക്കുമെന്ന് ഏനാമാവ് കർഷക കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏനാമാക്കൽ ഫെയ്‌സ് കനാലിൽ 50 സെന്റീമീറ്റർ ലെവലിലാണ് ശുദ്ധജലം നിൽക്കുന്നത്. 100 സെന്റീ മീറ്ററിലാണ് ജലത്തിന്റെ ലെവൽ വേണ്ടത്. ചിമ്മിനി ഡാമിൽ നിന്നുള്ള വെള്ളമാണ് ഏക ആശയം. എന്നാൽ ചിമ്മിനി ഡാമിൽ നിന്ന് തുറന്നു വിടുന്ന വെള്ളം ഏനാമാക്കലിൽ എത്തണമെങ്കിൽ താമര വളയത്തെ കഴകൾ അടയ്ക്കണം. കൂടാതെ ഇടിയഞ്ചിറ റഗുലേറ്ററിന് സമീപമുള്ള താത്കാലിക വളയംകെട്ട് നിർമ്മാണം യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തീകരിക്കുകയും വേണം. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഏനാമാക്കൽ, ഇടിയഞ്ചിറ റഗുലേറ്ററുകൾ പുനർനിർമ്മിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും കാര്യമായ പുരോഗതികളൊന്നും ഉണ്ടായിട്ടില്ല. ഏനാമാക്കലിൽ റിങ് ബണ്ട് നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഏനാമാക്കലിലെ ഇറിഗേഷൻ അസി. എൻജിനിയറുടെ ഓഫീസിന് മുന്നിൽ സൂചനാ സത്യഗ്രഹ സമരം നടത്തുമെന്ന് ഏനാമാക്കൽ കർഷകകൂട്ടായ്മ ഭാരവാഹികളായ പി. പരമേശ്വരൻ, എൻ.കെ. സുബഹ്മണ്യൻ, എം.കെ. രാജൻ, എൻ.ആർ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പറഞ്ഞു.