revenue

ഇരിങ്ങാലക്കുട: കഥകളിയും കൂത്തും കൂടിയാട്ടവും നങ്ങ്യാർക്കൂത്തും നൂറ്റാണ്ടുകളായി ആടിത്തിമിർത്ത മണ്ണിൽ, കലാകൗമാരം ഇന്ന് വേദികളിലെത്തും. സ്റ്റേജിതരമത്സരം തുടങ്ങിയതോടെ സാംസ്‌കാരിക പൈതൃകത്തിന്റെയും കലാപാരമ്പര്യത്തിന്റെയും സംഗമഭൂമി ആവേശത്തിമിർപ്പിലായി. ഇന്ന് രാവിലെ 9ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മദനമോഹനൻ, ഒന്നാം വേദിയായ ടൗൺ ഹാൾ പരിസരത്ത് പതാക ഉയർത്തും.

തുടർന്ന് കൊരമ്പ് മൃദംഗ വിദ്യാലയത്തിലെ കുട്ടികളുടെ മൃദംഗ വാദനത്തോടെ പരിപാടികൾ ആരംഭിക്കും. സംഗീതാദ്ധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ സ്വാഗതഗാനവും നൃത്തവും അരങ്ങേറും. മന്ത്രി കെ.രാജൻ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ.ബിന്ദു അദ്ധ്യക്ഷയാകും. സംഗീതസംവിധായകൻ വിദ്യാധരൻമാസ്റ്റർ, ഗുരു അമ്മന്നൂർ കുട്ടൻചാക്യാർ, ഡോ.സദനം കൃഷ്ണൻകുട്ടി, വേണുജി, ജയരാജ് വാര്യർ, ഉഷ നങ്ങ്യാർ, ശിവാനി മേനോൻ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. അറബിക് കലോത്സവത്തിലും സംസ്‌കൃത കലോത്സവത്തിലും രചനചിത്രകലാ മത്സരങ്ങളിലും ഇന്നലെ മത്സരാർത്ഥികളുടെ സജീവ പങ്കാളിത്തമുണ്ടായി.

ആരവങ്ങളേറ്റ് വാങ്ങി സ്വർണ്ണക്കപ്പ്

കലോത്സവത്തിന്റെ വരവറിയിച്ച് വർണ്ണാഭമായ സ്വർണ്ണക്കപ്പ് ഘോഷയാത്ര നടത്തി. 117.5 ഗ്രാമിന്റെ സ്വർണ്ണക്കപ്പ് സംസ്ഥാന കലോത്സവ മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, കളക്ടർ ഹരിത വി.കുമാർ എന്നിവർ ചേർന്ന് കപ്പ് കൈമാറി. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മദനമോഹനൻ, ട്രോഫി കമ്മിറ്റി ചെയർമാൻ സിജു യോഹന്നാൻ, കൺവീനർ എസ്.എ റഫീഖ് , ഘോഷയാത്ര കമ്മിറ്റി ചെയർമാൻ ബൈജു കുറ്റിക്കാടൻ, കൺവീനർ ജേക്കബ് ആലപ്പാട്ട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങിയ കപ്പ് വിവിധ സ്‌കൂളുകളിൽ സ്വീകരണം ഏറ്റുവാങ്ങി.

സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, തൃശൂർ, ജെ.പി.ഇ.എച്ച്.എസ്.എസ് കൂർക്കഞ്ചേരി, എസ്.എൻ എച്ച്.എസ്.എസ് കണിമംഗലം, സെന്റ് ആന്റണീസ് എച്ച്.എസ്.എസ് അമ്മാടം, സെന്റ് ജോസഫ് എച്ച്.എസ് കരുവന്നൂർ, എസ്.എൻ.എച്ച്.എസ്.എസ് ഇരിങ്ങാലക്കുട, സെന്റ് മേരീസ് എച്ച്.എസ്.എസ് ഇരിങ്ങാലക്കുട തുടങ്ങിയ സ്‌കൂളുകളിൽ സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി. കേന്ദ്രീകൃത ഘോഷയാത്ര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് തുടങ്ങി വിവിധ കലാരൂപങ്ങൾ, താളമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ടൗൺഹാളിൽ എത്തിച്ചേരുക.

വേദികൾ

ഇരിങ്ങാലക്കുട ടൗൺ ഹാൾ, ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് ഹൈസ്‌കൂൾ, ഗവ.എൽ.പി സ്‌കൂൾ, എസ്.എൻ ഹാൾ, ലയൺസ് ക്ലബ് ഹാൾ, പാരിഷ് ഹാൾ, ഡോൺബോസ്‌കോ സ്‌കൂൾ

ചാമരം വീശി കലാഭൂമി

ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇരിങ്ങാലക്കുടയിലേക്ക് കലോത്സവമെത്തുന്നത്. 2011ൽ ഇരിങ്ങാലക്കുടയിൽ നടന്ന കലോത്സവത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയാണ് ഓവറാൾ കിരീടം ചൂടിയത്. കൊവിഡ് വ്യാപനത്തിന് മുൻപ് 2019 ൽ അവസാനമായി നടന്ന കലോത്സവത്തിലും ഇരിങ്ങാലക്കുട ഉപജില്ല ജേതാക്കളായി. അതുകൊണ്ട് ആത്മവിശ്വാസത്തിലും പ്രതീക്ഷയിലുമാണ് ഇരിങ്ങാലക്കുടക്കാർ.

33ാമത് കലോത്സവം ഇങ്ങനെ

12 ഉപജില്ലകൾ

(യു.പി മുതൽ ഹയർസെക്കൻഡറി തലം വരെ)

8000ഓളം വിദ്യാർത്ഥികൾ