sports
രാമവർമ്മപുരം സ്‌കൂളിലെ വിശാലമായ കളിസ്ഥലം.

തൃശൂർ: ലോകകപ്പ് ഫുട്ബാളിൽ വിവിധ രാജ്യങ്ങളുടെ പ്രകടനം കാണുമ്പോൾ രാമവർമ്മപുരത്തുകാരുടെ മനസിൽ പഴയ സ്വപ്നത്തിന് ജീവൻ വയ്ക്കും. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 12.5 ഏക്കറിൽ വരുമോ സ്‌പോർട്‌സ് സ്‌കൂളെന്ന ചോദ്യവുമുയരും. നാല് കൊല്ലം മുമ്പ് 40 കോടിയുടെ മാസ്റ്റർപ്‌ളാൻ സർക്കാരിന് സമർപ്പിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. വി.എച്ച്.എസ്.എസിനും യു.പിക്കുമായി 6.25 ഏക്കർ വീതമുണ്ട്. ഇത്രയും സ്ഥലമുള്ള സർക്കാർ സ്‌കൂൾ അപൂർവവുമാണ്. ഇത് പ്രയോജനപ്പെടുത്താനാണ് 2018ൽ പദ്ധതി സമർപ്പിച്ചത്. ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ, യു.പി. വിഭാഗങ്ങളുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി, ഗവ.എൻജിനിയറിംഗ് കോളേജ് വിദഗ്ദ്ധരുടെ സഹായത്തോടെയാണ് പ്‌ളാൻ തയ്യാറാക്കിയത്. സാമൂഹികനീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള ഇക്കൊല്ലത്തെ പുരസ്‌കാരം നേടിയ സീനയുടെ നേതൃത്വത്തിൽ മാതൃകാപ്രവർത്തനം കാഴ്ചവച്ച സ്‌കൂളാണിത്.
2016ൽ പ്രധാനാദ്ധ്യാപികയായ സീനയാണ് 1961ൽ സ്ഥാപിച്ച സ്‌കൂളിന്റെ സ്ഥലരേഖകൾ ശരിയാക്കിയത്. വില്ലേജ് ഓഫീസിൽ കത്ത് നൽകിയപ്പോഴാണ് റീസർവേയിൽ നിലവിലുള്ള സ്ഥലത്തിനൊപ്പം മൂന്നേക്കർ പുറമ്പോക്കും കൂട്ടിച്ചേർക്കപ്പെട്ടത് അറിഞ്ഞത്. തുടർന്ന് മതിൽ കെട്ടി സംരക്ഷിച്ചു. സീനയുടെ ശ്രമഫലമായി 40 കുട്ടികളെക്കൊണ്ട് ഒരേക്കറിൽ കരനെൽ, പച്ചക്കറിക്കൃഷികൾ ചെയ്തിരുന്നു. മസ്‌കുലാർ ഡിസ്‌ട്രോഫി മൂലം ചലനശേഷി നഷ്ടപ്പെട്ടതിനാൽ വീൽചെയറിലിരുന്നാണ് സീന ടീച്ചർ മികവ് പ്രകടിപ്പിച്ചത്.

സ്‌കൂളിന്റെ രക്ഷാമാർഗം
കുട്ടികൾ കുറയുന്നതു മൂലം അൺ ഇക്കണോമിക് പട്ടികയിലായ ഹൈസ്‌കൂൾ വിഭാഗത്തെ രക്ഷിക്കാനുള്ള മാർഗം കൂടിയായിരുന്നു സ്‌പോർട്‌സ് സ്‌കൂളെന്ന ആശയം. സ്‌കൂളിനടുത്തുള്ള നായർ സർവീസ് സൊസൈറ്റിയുടെ ബാലഭവൻ, ഗവ. ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിലെ കുട്ടികളായിരുന്നു ഇവിടെ പഠിച്ചിരുന്നത്. ബാലഭവൻ നിറുത്തലാക്കിയതോടെ അവിടുത്തെ കുട്ടികൾ മറ്റ് സ്‌കൂളുകളിൽ ചേർന്നു. ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ ഈ വർഷം ഇവിടെ ചേർക്കാതിരുന്നതും വിനയായി. വി.എച്ച്.എസ്.എസിൽ ഇപ്പോൾ 240 കുട്ടികളാണുള്ളത്.