 
തൃശൂർ : റവന്യൂ ജില്ലാ കായിക മേള മൂവായിരം മീറ്റർ നടത്തത്തിൽ സ്വർണം നേടി സ്കൂളിന്റെ അഭിമാനമായി ഒ.എസ് ദിയ. ഒന്നാമതായി ഫിനിഷ് ചെയ്തെങ്കിലും ഫലപ്രഖ്യാപനത്തിൽ പരാതി ഉയർന്നത് അൽപ്പം ആശങ്ക സൃഷ്ടിച്ചെങ്കിലും അന്തിമ ഫലം വന്നപ്പോൾ ദിയയുടെ മനം നിറഞ്ഞു.
കുണ്ടുകാട് നിർമ്മല ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ദിയ ആദ്യമായാണ് ജില്ലാ കായിക മേളയിൽ മത്സരിക്കാനെത്തിയത്. കൂലിപ്പണിക്കാരനായ കട്ടിലപൂവ്വം സ്വദേശി ഷാജിയുടെയും ജാൻസിയുടെയും മകളാണ്. സ്കൂളിലെ കായിക അദ്ധ്യാപകൻ കെ.ജി.തോമസിന്റെ ശിക്ഷണത്തിലാണ് ദിയ മത്സരിക്കാനെത്തിയത്. ഉപജില്ലാ തലത്തിൽ 800 മീറ്ററിൽ മത്സരിച്ചിരുന്നു. ഇനി സംസ്ഥാന കായികമേളയിൽ ജില്ലയെ പ്രതിനിധികരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദിയ.
നാട്ടിക ഫിഷറീസിൽ അവർ ഒമ്പതുപേർ, കൈനിറയെ മെഡൽ
തൃശൂർ: നാട്ടിക ഫീഷറീസ് സംഘത്തിൽ ആകെ ഉണ്ടായിരുന്നത് ഒമ്പത് പേർ മാത്രം. തിരിച്ച് പോകുമ്പോൾ കൈനിറയെ മെഡലുകൾ. നിരവധി മികച്ച താരങ്ങളെ സംഭവന ചെയ്ത ഫീഷറീസ് പരിമിതികൾക്കുള്ളിൽ നിന്നാണ് ഇത്തവണ മേളയ്ക്കെത്തിയത്. 9 താരങ്ങളുമായെത്തി 12 സ്വർണമാണ് ഫിഷറീസിന്റെ നേട്ടം. ഗേൾസ് വിഭാഗത്തിൽ 57 പോയിന്റോടെ ഒന്നാം സ്ഥാനവും നേടി.
സീനിയർ ഗേൾസ് വിഭാഗത്തിൽ ഫിഷറീസിലെ സി.എസ്. കൃഷ്ണപ്രിയയും ഇ.എസ്. ശിവപ്രിയയും വ്യക്തിഗത ചാമ്പ്യന്മാരായി. ആദ്യവർഷങ്ങളിൽ 28 കുട്ടികൾ വരെ മത്സരിച്ചിട്ടുണ്ട്. നാട്ടിക സ്പോർട്സ് അക്കാഡമി പരിശീലകൻ വി.വി. കണ്ണന്റെ നേതൃത്വത്തിലാണ് സ്കൂൾ താരങ്ങളുടെ പരിശീലനം.