 
തൃശൂർ: പരിശുദ്ധ വാക്യുലമാതാവിൻ ബസിലിക്ക തീർത്ഥകേന്ദ്രത്തിലെ (പുത്തൻപള്ളി) പ്രതിഷ്ഠാ തിരുന്നാൾ 25, 26, 27, 28 തിയതികളിൽ നടക്കും. ദേവാലയ പ്രതിഷ്ഠാദിനമായ 24ന് പ്രസുദേന്തി വാഴ്ചയും തുടർന്ന് നൊവേന, കുർബാന എന്നിവയുണ്ടാകുമെന്ന് പള്ളി വികാരി ഫാ.ഫ്രാൻസിസ് പള്ളിക്കുന്നത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
25ന് വൈകിട്ട് 5ന് മാർ ടോണി നീലങ്കാവിലിന്റെ കാർമ്മികത്വത്തിൽ നൊവേന, കുർബാന. തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷ എന്നിവയുണ്ടാകും. 27ന് രാവിലെ 9.45ന് തിരുനാൾ പാട്ടുകുർബാന, തൃശൂർ അതിരൂപതാ മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമ്മികനാകും. 28ന് രാവിലെ 7.30ന് മരിച്ചുപോയ പൂർവികർക്കായി കുർബാനയും ഒപ്പീസും ഉണ്ടാകും. വൈകിട്ട് ആറരയ്ക്ക് ആരംഭിക്കുന്ന വാദ്യമേളത്തോടെ തിരുനാളിന് സമാപനമാകും. വാർത്താസമ്മേളനത്തിൽ സണ്ണി തേർമഠം, സെബി ചാണ്ടി, ഔസേപ്പ് കുരുതുകുളങ്ങര, ടി.എൽ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.