 
തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വികസന സമിതിയെയും ചെയർപഴ്‌സനായ കളക്ടറെയും നോക്കുകുത്തിയാക്കി നടത്തുന്ന അനധികൃത നിയമനങ്ങൾ സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ആശുപത്രി വികസന സമിതി അംഗങ്ങൾ 26നു 10നു കളക്ടറേറ്റ് ധർണ നടത്തും. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും.
ഇടതുസർക്കാർ അധികാരത്തിൽ വന്ന ശേഷം നിയമന കമ്മിറ്റിയെ പൂർണമായി ഒഴിവാക്കി പാർട്ടി ഓഫീസ് നിർദേശങ്ങൾ നടപ്പാക്കുന്നതിനായി ആശുപത്രി ഭാരവാഹികളുടെ നേതൃത്വത്തിലാണ് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ വിവിധ ഡിപ്പാർട്‌മെന്റുകളിൽ നിയമനം നടത്തുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസും ആരോപിച്ചു.
കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ മാറ്റിമറിച്ച് തെറ്റായ മിനിറ്റ്‌സ് തീരുമാനങ്ങളാണ് പുറത്തിറക്കിയത്. ആശുപത്രി വികസന സമിതിയുടെ കണക്കുകൾ 7 വർഷമായി ഓഡിറ്റ് ചെയ്തു കഴിഞ്ഞിട്ടില്ല. ഡോക്ടർമാർ ഇല്ലാത്തതിനാൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തനം പൂർണമായും നിലച്ച അവസ്ഥയാണ്. കാന്റീൻ പ്രവർത്തിക്കാത്തതിനാൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ്.
ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ മാനദണ്ഡമനുസരിച്ചുള്ള അർഹതയില്ലാത്ത വ്യക്തിയാണ് നാലു മാസത്തോളമായി സൂപ്രണ്ടായി പ്രവർത്തിക്കുന്നതെന്നും ഭരണകക്ഷിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എൻ.എ. സാബു എന്നിവർ ആരോപിച്ചു.