മാള: അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ.പി സ്‌കൂളിലെ കുരുന്നുകൾ പെൻസിൽ ഷേവിംഗ്സ് ഉപയോഗിച്ച് നിർമ്മിച്ച ഗാന്ധി ചിത്രം ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടി. 'ലാർജെസ്റ്റ് മ്യൂറൽ ഒഫ് മഹാത്മാഗാന്ധി ബൈ ആൻ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ യൂസിംഗ് പെൻസിൽ ഷേവിംഗ്‌സ് ' എന്ന ബഹുമതിയാണ് സ്‌കൂളിന് ലഭിച്ചതെന്ന് സ്‌കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മാള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. രവീന്ദ്രൻ സ്‌കൂളിലെത്തി ചിത്രം ഉദ്ഘാടനം ചെയ്തിരുന്നു.
26ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളിൽ ചേരുന്ന അനുമോദന യോഗം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനാദ്ധ്യാപകൻ ടി.എസ്. സുരേഷ്‌കുമാർ, അദ്ധ്യാപിക അനുഷ ഔസേപ്പ്, എം.പി.ടി.എ പ്രസിഡന്റ് എൻ.എം. നെസി, പി.ടി.എ കമ്മിറ്റിയംഗം ലെനിൻ ജോയ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗാന്ധി ചിത്ര നിർമ്മാണം ഇങ്ങനെ
ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ 68 വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ സഹായത്തോടെ ജൂലായ് മുതൽ ശേഖരിച്ച പെൻസിൽ ഷേവിംഗ്‌സ് ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചത്. 6.5 * 5 അടി വലിപ്പത്തിലുള്ള ചിത്രം നാല് ദിവസങ്ങളിലായി എട്ട് മണിക്കൂർ കൊണ്ടാണ് കുട്ടികളും അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് പൂർത്തിയാക്കിയത്. പ്രധാനമായും മൂന്ന് നിറങ്ങളിലുള്ള പെൻസിൽ ഷേവിംഗ്‌സായിരുന്നു ശേഖരിച്ചിരുന്നത്. ബെസ്റ്റ് ഒഫ് വേസ്റ്റ് എന്ന ആപ്തവാക്യത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും പ്രത്യേക പെട്ടികൾ വച്ചായിരുന്ന പെൻസിൽ ഷേവിംഗ്‌സ് ശേഖരിച്ചത്.