 
തൃശൂർ: റവന്യൂ ജില്ലാ കായിക മേളയിൽ തൃശൂർ ഈസ്റ്റ് ഉപജില്ല ജേതാക്കൾ. 21 സ്വർണവും 13 വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പെടെ 175 പോയിന്റ് നേടിയാണ് കീരിടം ചൂടിയത്. 14 സ്വർണം,16 വെള്ളി,15 വെങ്കലം ഉൾപ്പടെ 148 പോയിന്റോടെ ചാലക്കുടിക്കാണ് രണ്ടാം സ്ഥാനം. 15 സ്വർണം, 15 വെള്ളി, 3 വെങ്കലം ഉൾപ്പെടെ 145 പോയിന്റോടെ വലപ്പാട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 91 പോയിന്റുള്ള മാള നാലാം സ്ഥാനത്തും 70 പോയിന്റ് നേടിയ കുന്നംകുളം അഞ്ചാം സ്ഥാനത്തുമുണ്ട്.
തലയുയർത്തി നാട്ടിക ഫീഷറീസ്
റവന്യൂ ജില്ലാ കായികമേളയിൽ സ്‌കൂൾ വിഭാഗത്തിൽ നാട്ടിക ഗവ. ഫീഷറീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓവറാൾ ചാമ്പ്യൻമാർ. 12 സ്വർണം, നാലു വെള്ളി, ഒരു വെങ്കലം എന്നിവയടക്കം 73 പോയന്റാണ് നാട്ടിക ഫീഷറീസ് കരസ്ഥമാക്കിയത്. തൃശൂർ കാൽഡിയൻ സിറിയൻ സ്‌കൂളിനാണ് രണ്ടാം സ്ഥാനം.
11 സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം ഉൾപ്പെടെ 59 പോയിന്റാണ് കാൽഡിയൻ സ്‌കൂൾ കരസ്ഥമാക്കിയത്. 49 പോയിന്റോടെ പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് സ്‌കൂൾ മൂന്നാം സ്ഥാനം നേടി. 9 സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവയാണ് കോൺകോഡ് കരസ്ഥമാക്കിയത്. 40 പോയന്റോടെ ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസ്.എസ് നാലാം സ്ഥാനവും കാർമൽ എച്ച്.എസ്.എസ് ചാലക്കുടി അഞ്ചാം സ്ഥാനത്തും എത്തി.