udf-councilers
ഗുരുവായൂർ ക്ഷേത്രനടയിൽ മലിന ജലം നിറഞ്ഞൊഴുകുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ ജല അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ മലിനജലം നിറഞ്ഞൊഴുകുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ ജല അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു. അഴുക്കുചാൽ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മാൻഹോളിൽ നിന്നുമാണ് മാലിന്യമടക്കമുള്ള മലിന ജലം ക്ഷേത്ര നഗരിയിലെ വിവിധ പ്രദേശങ്ങളിൽ റോഡിലേക്കൊഴുകുന്നത്. മലിന ജലം റോഡിലേയ്ക്ക് ഒഴുകിയിട്ടും നടപടിയെടുക്കാത്തതിനെതിരെ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്റെ നേതൃത്വത്തിൽ യു.ഡി.എഫ് കൗൺസിലർമാർ ജല അതോറിറ്റി അസി.എക്‌സി എൻജിനിയറുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു.
അഴുക്കുചാൽ പദ്ധതിയുടെ പേരിൽ ഗുരുവായൂർ എം.എൽ.എയും നഗരസഭാ ചെയർമാനും ഉന്നതസമിതി യോഗം വിളിച്ചുചേർത്ത് ചായ കുടിച്ച് പിരിയുകയല്ലാതെ യാതൊരു പ്രശ്‌നങൾക്കും പരിഹാരം കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ പറഞ്ഞു. കൗൺസിലർമാരായ കെ.പി.എ റഷീദ്, കെ.എം. മെഹറൂഫ്, വി.കെ. സുജിത്ത്, മാഗി ആൽബർട്ട്, രേണുക ശങ്കർ, ഷിൽവ ജോഷി, അജിത അജിത്ത്, ജീഷ്മ സുജിത്ത്, ഷെഫീന ഷാനിർ എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

കോടികൾ മുടക്കിയ ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ ഇപ്പോഴത്തെ നിജസ്ഥിതി എന്താണെന്ന് ഉത്തരവാദിത്വപ്പെട്ടവർ ജനങ്ങളോട് വെളിപ്പെടുത്താൻ തയ്യാറാകണം.
-കെ.പി. ഉദയൻ
(നഗരസഭാ പ്രതിപക്ഷ നേതാവ്)