പാവറട്ടി: പെരിങ്ങാട് പുഴയും തണ്ണീർത്തടവും റിസർവ് വനമാക്കുന്നതുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം ചെയ്ത മേഖലയിൽ തൃശൂർ ഡി.എഫ്.ഒ: സി.വി. രാജൻ സന്ദർശനം നടത്തുകയും തീരദേശ സംരക്ഷണ സമിതി വാക്താക്കളുമായി സംവദിക്കുകയും ചെയ്തു. പ്രതിഷേധമറിയിക്കാൻ നൂറുകണക്കിന് പ്രദേശവാസികളും ജനപ്രതിനിധികളും എത്തിച്ചേർന്നു. ജനങ്ങളുടെ ആശങ്കകൾ പങ്കുവയ്ക്കുകയും ചെയ്തു. പെരിങ്ങാട് പുഴ തീരദേശ സംരക്ഷണ സമിതിക്ക് വേണ്ടി ചെയർമാൻ അബു കാട്ടിൽ, കൺവീനർ ഷൈജു തിരുനെല്ലൂർ എന്നിവർ സംസാരിച്ചു. പുഴയെ കാടാക്കാനുള്ള ജനദ്രോഹപരമായ പദ്ധതി പിൻവലിച്ച് വിജ്ഞാപനം ഡിനോട്ടിഫിക്കേഷൻ ചെയ്യുന്നതുവരെ ശക്തമായ ബഹുജന പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് തീരദേശ സംരക്ഷണ സമിതി അറിയിച്ചു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തു. സി.പി.എം, കോൺഗ്രസ് ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പുഴ സംരക്ഷണത്തിനായി വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സംവദിച്ചു.