 
ചാലക്കുടി: ദേശീയപാതയിൽ ചിറങ്ങരയിൽ സ്‌കൂട്ടറിൽ ടോറസ് ലോറിയിടിച്ച് പാറക്കടവ് കുറുമശേരി താവടത്തുപറമ്പിൽ സജീവ് (52), ഭാര്യ സിമി(42) എന്നിവർ മരിച്ചു. ചിറങ്ങര സിഗ്‌നൽ ജംഗ്ഷനിൽ ബുധനാഴ്ച വൈകിട്ട് ആറേകാലിനായിരുന്നു അപകടം.
സിമിയുടെ വെള്ളിക്കുളങ്ങരയിലെ വീട്ടിലേക്ക് വന്നതായിരുന്നു ദമ്പതികൾ. സർവീസ് റോഡിൽ നിന്ന് സിഗ്‌നൽ തെറ്റിച്ച് കുറുകെയെത്തിയ പിക്കപ്പ് വാനിലിടിക്കാതിരിക്കാൻ സജീവ് ശ്രമിച്ചപ്പോഴായിരുന്നു ദുരന്തം. നിയന്ത്രണം തെറ്റിയ സ്‌കൂട്ടർ റോഡിലേക്ക് മറിഞ്ഞു വീഴുകയും പിന്നിൽ വന്നിരുന്ന ടോറസ് ലോറി കയറിയിറങ്ങുകയുമായിരുന്നു.
സജീവ് സംഭവസ്ഥലത്തും സിമി കറുകുറ്റി അപ്പോളോ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത സ്തംഭനമുണ്ടായി. മരപ്പണിക്കാരനാണ് സജീവ്. പരേതരായ കുമാരൻ -സുമതി ദമ്പതികളുടെ മകനാണ് സജീവ്. കുറുമശേരി പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരിയാണ് സിമി. മക്കൾ: ആരോമൽ, അർജുൻ (ഇരുവരും വിദ്യാർത്ഥികൾ).