1

വടക്കാഞ്ചേരി : ഭൂമി ദോഷമൊഴിവാക്കാൻ വരവൂരിലെ രാമൻകുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പിൽ മന്ത്രവാദം ചെയ്ത പൂജാരിയെ നാട്ടുകാർ ചേർന്ന് പൊലീസിലേൽപ്പിച്ചു. അർദ്ധരാത്രിയിൽ തീ കണ്ടതിനെ തുടർന്നാണ് നാട്ടുകാർ സംഭവ സ്ഥലത്തെത്തിയത്. സിമന്റ് ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഹോമകുണ്ഡത്തിൽ മുളകും, മസാല പൊടികളും ഉപയോഗിച്ചായിരുന്നു ഹോമം. എയർഗൺ, കത്തി, വാൾ, കോടാലി, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങൾ സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി. ജോത്സ്യനും, പൂജാരിയുമായ മുള്ളൂർക്കര സ്വദേശി ശങ്കർപ്രസാദ് വാങ്ങിയ ഭൂമിയിൽ പ്രേതബാധയുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇയാൾ പൂജ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അസ്വാഭാവികത ഇല്ലാത്തതിനാൽ ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചതായി എരുമപ്പെട്ടി പൊലീസ് അറിയിച്ചു.