മാള: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കാനായി പാട്ടൊരുക്കി പൊയ്യ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ. ഹരിതകർമസേന പ്രസിഡന്റ് ബിന്ദു സജീവാണ് മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം വിളിച്ചേതുന്ന പാട്ടെഴുതിയത്.
ഇത് മൂന്നാമത്തെ തവണയാണ് ബിന്ദു ഹരിതകർമസേനയ്ക്ക് വേണ്ടി പാട്ടൊരുക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിൽ ഇടുകയും കത്തിക്കുകയും ചെയ്യുന്ന ആളുകൾ ഇപ്പോഴും ഉണ്ടെന്നും അവരെ എളുപ്പത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനാണ് പാട്ടൊരുക്കിയതെന്നും ഹരിതകർമസേനാ സെക്രട്ടറി ശ്രീദേവി വേണു പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്യാനാണ് പാട്ടിന്റെ മാതൃക തിരഞ്ഞെടുത്തത്. പാട്ട് ആളുകളിലേക്ക് എത്തിത്തുടങ്ങിയതോടെ ജനങ്ങൾ സഹകരിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ഹരിത കർമ്മസേന ഐ.ആർ.ടി.സി കോ- ഓർഡിനേറ്റർ സജന പറഞ്ഞു.