മാള: പ്ലസ് ടു തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അധികൃതർ കനിഞ്ഞില്ലെങ്കിൽ പഠനം പാഴാകുമെന്ന് തുല്യതാ വിദ്യാർത്ഥികൾ. സെപ്തംബർ 19ന് ഫലം പ്രസിദ്ധീകരിച്ചെങ്കിലും ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. തുടർപഠനത്തിനായി പ്ലസ് ടു സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, കൺട്രോളർ ഒഫ് എക്‌സാമിനേഷൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവർക്ക് വിദ്യാർത്ഥികൾ പരാതി നൽകി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി കോഴ്‌സിന് ഇവർ അപേക്ഷിച്ചിട്ടുമുണ്ട്. അപേക്ഷയോടൊപ്പം റിസൾട്ടിന്റെ കമ്പ്യൂട്ടർ പ്രിന്റ് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. യൂണിവേഴ്‌സിറ്റിയിൽ നിന്നും പ്ലസ് ടുവിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദ്ദേശവുമുണ്ട്. അല്ലെങ്കിൽ അപേക്ഷകൾ നിരസിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കുകയോ, പ്ലസ് ടു സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള തീയതി യൂണിവേഴ്‌സിറ്റി നീട്ടി നൽകുകയോ ചെയ്തില്ലെങ്കിൽ ഇതുവരെയുള്ള പഠനം പാഴാകുമെന്നും വിദ്യാർത്ഥികൾ പറയുന്നു.