എട്ടുമനയിൽ ശുദ്ധജലം നിലച്ചിട്ട് ദിവസങ്ങൾ
ചേർപ്പ്: പഞ്ചായത്തിലെ 13, 16 വാർഡുകൾ ഉൾപ്പെടുന്ന എട്ടുമന പ്രദേശത്ത് ശുദ്ധജലമെത്തിയിട്ട് നാളുകളായി. പെരുമ്പിള്ളിശ്ശേരി, പാലയ്ക്കൽ പ്രദേശത്ത് വൈറ്റ് ടോപ്പിംഗ് ടാറിംഗ് നടക്കുന്നതിന്റെ ഭാഗമായി കുഴികളെടുക്കുമ്പോൾ പൈപ്പുകൾ പൊട്ടുന്നതാണ് ജലവിതരണം മുടങ്ങാൻ കാരണമാകുന്നത്. കുടിക്കാനും ദൈനംദിന ആവശ്യത്തിനുമായി വെള്ളമെത്താതായതോടെ വെട്ടിലായത് നാട്ടുകാരും!.
പ്രദേശങ്ങളിലെ ജല അതോററ്ററി പമ്പിംഗ് നടത്തുന്ന പൈപ്പ് ലൈനുകളിലെ വെള്ളമാണ് മുടങ്ങിയിരിക്കുന്നത്. എട്ടുമന, പൊട്ടുച്ചിറ, ഊരകം തുടങ്ങിയ മേഖലകളിലാണ് ജലക്ഷാമം രൂക്ഷം. വേനൽക്കാലമാകുന്നതോടെ ഇവിടങ്ങളിലെ വീട്ടുകിണറുകളിൽ പ്രത്യേക തരം പാട മൂടി വെള്ളത്തിന്റെ നിറം മാറുന്നതിനാൽ ഈ ജലം കുടിക്കാൻ കഴിയില്ലെന്ന് നാട്ടുകാർ പറയുന്നു. അതിനാൽ ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷനുകളാണ് ഇവരുടെ ഏക ആശ്രയം. ജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
ജല അതോറിറ്റി ഓഫീസിന് മുമ്പിൽ നാട്ടുകാരുടെ സമരം
ചേർപ്പ്: എട്ടുമന പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ചേർപ്പ് ജല അതോറിറ്ററി ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി. ഇന്നലെ വൈകിട്ടോടെ വെള്ളം തുറന്നുനൽകി പ്രശ്‌നം പരിഹരിക്കാമെന്ന് എൻജിനിയർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. കുട്ടിക്കൃഷ്ണൻ നടുവിൽ, റാഫി, അനൂപ് ഷാജു എന്നിവർ നേതൃത്വം നൽകി.