വാടാനപ്പിള്ളി: ചിലങ്ക ജംഗ്ഷനിൽ ദേശീയപാതയോരത്തെ തോട്ടുങ്ങൽ ബിൽഡിംഗിന് മുൻവശത്ത് പ്ലാസ്റ്റിക്ക് മാലിന്യവും ഉപയോഗശ്യൂന്യമായ കവറുകളും കത്തിച്ചതിന് പഞ്ചായത്ത് സ്ഥാപന ഉടമയ്ക്ക് 25,000 രൂപ പിഴ ചുമത്തി. ഹരിതകർമ്മസേന നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പഞ്ചായത്തിന് കൈമാറാതെ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.

ഇതിന്റെ ചിത്രങ്ങൾ സഹിതം ഹരിതകർമ്മസേന പഞ്ചായത്തിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗശ്യൂന്യമായ പ്ലാസ്റ്റിക്ക് കവറുകൾ ഹരിതകർമ്മ സേനക്ക് നിശ്ചിത യൂസർ ഫീ നൽകി കൈമാറാത്തവർക്കെതിരെ വരും ദിവസങ്ങളിൽ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.