തൃശൂർ: വ്യാജ പരാതി നൽകി തന്നെയും മകനെയും ജയിലിലടയ്ക്കുകയും തന്റെ മകളുടെ വിവാഹം മുടക്കുകയും ചെയ്തവർ തുടർന്നും ശാരീരികമായി ഉപദ്രവിക്കുകയാണെന്ന പരാതിയിൽ ഉപദ്രവം തുടർന്നാൽ അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറെ നേരിട്ട് സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ പരാതിക്കാർക്ക് നിർദ്ദേശം നൽകി. പരാതി ലഭിച്ചാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകി.
പടിയം സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മിഷൻ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി:യിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ പറയുന്ന വസ്തുതകൾ സത്യമാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് എതിർ കക്ഷികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന് പരാതിക്കാരനെ കമ്മിഷൻ കേട്ടു. ഡിവൈ.എസ്.പി: താക്കീത് നൽകിയ ശേഷം എതിർ കക്ഷികളുടെ ഭാഗത്ത് നിന്ന് ഉപദ്രവമില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. എന്നാൽ ജയിലിൽ കിടന്നതിന്റെ പേരിൽ മകളുടെ വിവാഹ കാര്യങ്ങൾ മുടങ്ങുകയാണെന്ന് പരാതിക്കാരൻ അറിയിച്ചു.