ഗുരുവായൂർ: ഭക്തരോട് സൗഹാർദ്ദമില്ലാതെ നഗരസഭയുടെ നിർമ്മൽ സൗഹൃദ ശുചിയിടം. കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഗുരുവായൂർ പടിഞ്ഞാറെ നടയിലെ അമിനിറ്റി സെന്ററിൽ പ്രവർത്തനം തുടങ്ങിയ ശുചിയിടത്തിലാണ് ഭക്തരോട് സൗഹൃദമില്ലാത്തത്. ഇവിടെ ശുചിമുറി ഉപയോഗിക്കാൻ അമിത ചാർജാണ് ഈടാക്കുന്നത്. വർഷങ്ങളായി ഉദ്ഘാടനം കഴിഞ്ഞിട്ടും അമിനിറ്റി സെന്റർ ഭക്തർക്ക് തുറന്ന് കൊടുക്കാത്തതിനെ തുടർന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. ശബരിമല സീസൺ ആരംഭിച്ചതോടെയാണ് ഇവിടുത്തെ ശുചിമുറികൾ തുറന്ന് കൊടുക്കാൻ നഗരസഭ തീരുമാനിച്ചത്. നഗരസഭയിലെ കുടുംബശ്രീക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ഇവിടെ മൂത്രം ഒഴിക്കുന്നതിന് പത്തു രൂപയാണ് ഈടാക്കുന്നത്. ടോയ്‌ലറ്റിൽ പോകുന്നതിനും കുളിക്കുന്നതിനും മുപ്പത് രൂപ വീതമാണ് ഈടാക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരടക്കമുള്ളവർക്ക് ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ശുചിമുറി ഉപയോഗിക്കുന്നതിനുള്ള ഏക ആശ്രയമായ ഇവിടെ അമിത ചാർജ് ഈടാക്കുന്നത് ഭക്തർക്ക് ദുരിതമായിട്ടുണ്ട്. കിഴക്കെ നടയിൽ ദേവസ്വം സൗജന്യമായി ഇത്തരം സേവനം നൽകി വരുമ്പോഴാണ് കേന്ദ്ര സർക്കാർ സൗജന്യമായി നിർമ്മിച്ചു നൽകിയ അമിനിറ്റി സെന്ററിൽ ഗുരുവായൂർ നഗരസഭ അമിത ചാർജ് ഈടാക്കുന്നത്.