brazil
ബ്രസീൽ മത്സരത്തിനു മുന്നോടിയായി വലപ്പാട് ബ്രസീൽ ഹോട്ടലിൽ കൊള്ളിയും ചമ്മന്തിയും സൗജന്യമായി നൽകിയപ്പോൾ.

തൃപ്രയാർ: ബ്രസീൽ ഹോട്ടലിൽ ബ്രസീലിന്റെ മത്സരം തുടങ്ങുന്നതിന് മുമ്പെത്തിയാൽ വയറു നിറയെ കൊള്ളിയും ചമ്മന്തിയും കഴിക്കാം. അതും സൗജന്യമായി !. കഴിഞ്ഞ മൂന്നര പതീറ്റാണ്ടായി തുടർന്നുവരുന്ന പതിവ് ഇത്തവണയും ഉടമ സുനിൽ തെറ്റിച്ചില്ല. വലപ്പാട് ഗവ. ആശുപത്രിയുടെ സമീപത്തെ ബ്രസീൽ ഹോട്ടലിലാണ് ബ്രസീലിന്റെ എല്ലാ മത്സരങ്ങൾക്ക് മുമ്പും കൊള്ളിയും ചമ്മന്തിയും സൗജന്യമായി വിതരണം ചെയ്യുന്നത്. ചൂടൻ ഫുട്ബാൾ ചർച്ചയ്ക്കായി ഹോട്ടലിലെത്തുന്ന ആരാധകർ ഡബിൾ ഹാപ്പി..

ബ്രസീൽ പതാകയുടെ നിറത്തിലുള്ള കൊള്ളിയും ചമ്മന്തിയും ടേബിളിൽ എത്തിയപ്പോൾ ഏവരും അതിശയപ്പെട്ടു. മഞ്ഞ നിറത്തിലുള്ള കൊള്ളിയും, പച്ച നിറത്തിലുള്ള ചമ്മന്തിയും, നീല നിറത്തിലുള്ള ചായയും ആരാധകർക്ക് നവ്യാനുഭവമായി. കടുത്ത ബ്രസീൽ ഫാൻസും വലപ്പാട് സ്വദേശിയുമായ സുനിലിന്റെ കുടുംബാംഗങ്ങളും കൂട്ടുകാരുമാണ് കഴിഞ്ഞ 35 വർഷമായി ഈ പ്രവൃത്തി തുടർന്നു വരുന്നത്. സുനിലിനെക്കൂടാതെ ഭാര്യ ഈര, മകൻ ശ്രീരാജ്, സുനിലിന്റെ സഹോദരൻ അനിൽ, ഏതാനും സുഹൃത്തുക്കളും ഹോട്ടലിൽ സജീവമായുണ്ട്. മൂന്നു പതീറ്റാണ്ട് മുമ്പ് ഇവരുടെ നേതൃത്വത്തിൽ തുടങ്ങിയതാണ് വലപ്പാട് വി.എഫ്.എ ക്ലബ്. ലോകകപ്പിന്റെ ഫൈനൽ ദിവസം നിർദ്ധനരായ ഏതാനും രോഗികൾക്ക് ഇവർ സാമ്പത്തിക സഹായവും നൽകി വരുന്നു.