ഡോൺ ബോസ്‌കോ എച്ച്.എസ്.എസിലെ ഹൈസ്‌കൂൾ വിഭാഗം നാടക മത്സരം വേദി മൂന്ന് ഗവ. ഗേൾസ് എച്ച്.എസ്.എസിലേക്ക് മാറ്റിയത് മത്സരാർത്ഥികളിൽ പലരും അറിഞ്ഞില്ല. വേദിയിൽ മുഴക്കം ഉണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് സംഘാടകർ വേദി മാറ്റം അറിയിച്ചത്. എന്നാൽ ഇതറിയാതെ മിക്ക ടീമുകളും രാവിലെ തന്നെ വേദി രണ്ടിലെത്തി.
ഡോൺ ബോസ്‌കോ എച്ച്.എസ്.എസിൽ സ്‌കൂൾ ഓഡിറ്റോറിയത്തിനുള്ളിലായിരുന്നു നാടക വേദി. രണ്ടാം ദിനം നടന്ന യു.പി വിഭാഗം നാടക മത്സരത്തിൽ ശബ്ദം പ്രതിധ്വനിച്ചതിനാൽ വിധികർത്താക്കൾക്ക് സംഭാഷണം വ്യക്തമാകുന്നില്ലെന്നാരോപിച്ച് കാണികൾ പ്രതിഷേധിച്ചിരുന്നു.
ഇരിങ്ങാലക്കുട ടൗൺ ഹാൾ വേദിയിലേക്ക് നാടകാവതരണം മാറ്റണമെന്നായിരുന്നു ആവശ്യം. ഇതേത്തുടർന്നാണ് വേദി മാറ്റിയത്. വേദി മുന്നിൽ നിശ്ചയിച്ചിരുന്ന യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടം വേദി രണ്ടിലും അരങ്ങേറി.