thadanju

ശ്രീനാരായണപുരം മാമ്പി ബസാറിൽ കുളം നികത്താനുള്ള ശ്രമം തടഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സുനിൽ രാജിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസറും ഹെൽത്ത് വിഭാഗവും പരിശോധന നടത്തുന്നു.

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം മാമ്പി ബസാർ വടക്കുവശം സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കുളം നികത്താനുള്ള ശ്രമം തടഞ്ഞു. മഴക്കാലങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് ഭീഷണിയും വേനലിൽ ശുദ്ധജല ക്ഷാമവും നേരിടുന്ന പരിസ്ഥിതി ദുർബല പ്രദേശമായ മാമ്പി ബസാർ പ്രദേശത്ത് മുൻകാലങ്ങളിൽ പരിസരവാസികൾ ഉപയോഗിച്ചികൊണ്ടിരുന്ന കുളം വൻതോതിൽ മാലിന്യങ്ങളും മറ്റും നിക്ഷേപിച്ച് നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമമാണ് തടഞ്ഞത്.

പരിസ്ഥിതി സംഘടനയായ കോച്ചാലി പെരുംതോട് സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും നേതൃത്വം നൽകി. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സുനിൽ രാജ്, മതിലകം പൊലീസ് സബ് ഇൻസ്‌പെക്ടർ, വില്ലേജ് ഓഫീസർ, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് അംഗങ്ങൾ തുടങ്ങിയവർ സ്ഥലത്തെത്തി മേൽനടപടികൾക്ക് നിർദ്ദേശം നൽകുകയും സ്ഥലം ഉടമയെക്കൊണ്ട് മാലിന്യങ്ങൾ തിരിച്ചെടുപ്പിക്കുകയും ചെയ്തു.

പെരുംതോട് സംരക്ഷണ സമിതി പ്രവർത്തകരായ രാജേഷ് കൈതക്കാട്ട്, ഷിജു ടി.എസ്, വിജിൻ മണി, സിജേഷ് പുന്നക്കത്തറയിൽ, ആഷിത, കലേഷ്, സുധീഷ്, റെന്നീസ് കട്ടൻബസാർ എന്നിവരുടെ നേതൃത്വത്തിലാണ് കുളം നികത്തൽ തടഞ്ഞത്.