ചേർപ്പ്: അമ്മാടത്ത് വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് വയോധികയുൾപ്പെടെ ആറ് അംഗ കുടുംബത്തെ കുടിയിറക്കാൻ ശ്രമം. അമ്മാടം കരുവത്ത്‌വളപ്പിൽ മാധവി (80), മകനും ഭാര്യയും മൂന്ന് പെൺമക്കളുമടങ്ങുന്ന കുടുംബമാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. വീട്ടുടമയായ അമ്മാടം പെല്ലിശ്ശേരി ബെന്നി വീട് ഒഴിഞ്ഞു കിട്ടുന്നതിനായി മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ഇവർക്ക് അനുകൂലമായി കോടതി വിധി വന്നു. കഴിഞ്ഞ ദിവസം ഉത്തരവുമായി വീട് ഒഴിപ്പിക്കാൻ കോടതി ജീവനക്കാരി എത്തിയിരുന്നു. വീടൊഴിയാൻ ഇവർ വിസമ്മതിച്ചതിനെ തുടർന്ന് പൊലീസുമായെത്തി ഉത്തരവ് നടപ്പാക്കുമെന്നറിയിച്ച് ഇവർ തിരിച്ചുപോയി. കൂലിപ്പണിക്കാരായ മാധവിയുടെ കുടുംബത്തിന് സ്വന്തമായി ഭൂമിയും വീടുമില്ല. സർക്കാരിന്റെ ഭവന പദ്ധതിയായ ലൈഫിൽ ഈ കുടുംബം ഉൾപ്പെട്ടിട്ടുണ്ട്. വീ‌ട് ലഭിക്കാൻ മാസങ്ങൾ നീണ്ടുപോകുമെന്നതിന്നാൽ അതുവരെയെങ്കിലും ഇവിടെ കഴിയാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. പാറളം പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ്, വൈസ് പ്രസിഡന്റ് ആശ മാത്യൂസ്, പഞ്ചായത്ത് അംഗം ജയിംസ് മാസ്റ്റർ, ചേർപ്പ് സി.ഐ: ടി.വി. ഷിബു എന്നിവർ സ്ഥലത്തെത്തിയിരുന്നു.