ചാലക്കുടി: കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകുന്നതിൽ കാലതാമസം വരുത്തുന്നുവെന്ന് കുറ്റപ്പെടുത്തി, നഗരസഭാ എൻജിനിയറെ കൗൺസിലർ മുറിയിൽ അടച്ചിട്ടു. സംഭവത്തിൽ പ്രതിഷേധിച്ച ജീവനക്കാർ ഒരു മണിക്കൂറോളം ജോലിയിൽ നിന്നു വിട്ടുനിന്നു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. എൻജിനിയർ എം.കെ. സുഭാഷിനെയാണ് അരമണിക്കൂറോളം പോട്ട വാർഡിലെ കൗൺസിലർ വത്സൻ ചമ്പക്കര തടഞ്ഞുവച്ചത്. അകത്തു നിന്നും വാതിലടച്ച കൗൺസിലറും എൻജിനിയറുടെ ഒപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ചെയർമാൻ എബി ജോർജ് അനുരഞ്ജന ചർച്ച നടത്തി പിന്നീട് പ്രശ്‌നം പരിഹരിച്ചു. പുറമ്പോക്ക് ഭൂമി ഉൾപ്പെടുന്ന പോട്ടയിലെ കെട്ടിടത്തിന് പെർമിറ്റ് നൽകുന്നതിനെതിരെ പരാതികളുണ്ടെന്ന് ഒത്തുതീർപ്പ് ചർച്ചയിൽ എം.ഇ വിശദീകരിച്ചു. ഫയലുകൾ തീർപ്പാക്കലിലെ കാലതാമസത്തിലുള്ള വൈകാരിക പ്രതികരണമാണ് കൗൺസിലറുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ചെയർമാൻ പറഞ്ഞു. ചാലക്കുടി നഗരസഭയിൽ ഒരു പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുയാണെന്ന് പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് ആരോപിച്ചു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിലാണ് മുനിസിപ്പൽ എൻജിനിയറെ അടച്ചിട്ടതെന്നും കൗൺസിലർക്കെതിരെ നടപടി വേണമെന്നും സ്വതന്ത്ര കൗൺസിലർ വി.ജെ. ജോജി പറഞ്ഞു.
നഗരസഭയ്ക്ക് അനുവദിച്ച വെൽനസ് സെന്ററുകൾ ആരംഭിക്കുന്നതിൽ ഉദ്യോസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായി. നവംബറിൽ പ്രവർത്തനമാരംഭിക്കാൻ മൂന്ന് കേന്ദ്രങ്ങൾക്കായി രണ്ടരക്കോടി രൂപ നഗരസഭയ്ക്ക് സർക്കാർ കൈമാറിയിരുന്നു. കൗൺസിലർമാർ വീടുകൾ വാടകയ്ക്ക് ശരിയാക്കിയിട്ടും ഇതുവരെ വാടകചീട്ട് എഴുതാൻ പോലും നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് എൻജിനിയറോട്് സംസാരിക്കാൻ എത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
-വത്സൻ ചമ്പക്കര
(പോട്ടയിലെ കൗൺസിലർ)