minashi-krishnan
മീനാക്ഷി കൃഷ്ണൻ പിതാവ് സോപാനം ഉണ്ണികൃഷ്ണനൊപ്പം വേദിക്കരികിൽ.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ലളിതഗാന മത്സരത്തിൽ ഏഴ് സെക്കന്റ് സമയം കൂടിയെന്ന കാരണത്താൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചിട്ടും കൊടുങ്ങല്ലൂർ കെ.കെ.ടി.എം ജി.ജി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മീനാക്ഷി കൃഷ്ണൻ ലിസ്റ്റിൽനിന്നുപോലും തഴയപ്പെട്ടു. സ്‌കൂൾ അധികൃതരുടെ അപ്പീലിൽ ജില്ലയിൽ മത്സരിക്കാനെത്തിയപ്പോൾ കിട്ടിയത് ഒന്നാം സ്ഥാനം.

14 കുട്ടികൾ പങ്കെടുത്ത ലളിതഗാന മത്സരത്തിൽ സ്‌കൂൾ അദ്ധ്യാപികയായ ലീന ടീച്ചർ എഴുതി പിതാവും ഗുരുനാഥനുമായ സോപാനം ഉണ്ണിക്കൃഷ്ണൻ സംഗീതം നൽകിയ ഗാനമാണ് ഒന്നാം സ്ഥാനം നേടിയത്. കൂടാതെ ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, മലയാളം കവിതാ പാരായണത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും മീനാക്ഷിക്ക് സ്വന്തം.

തൃശൂർ ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ഉദ്യോഗസ്ഥയായ സിന്ധു അമ്മയും, ഡിഗ്രി വിദ്യാർത്ഥിയായ അനന്തകൃഷ്ണൻ സഹോദരനുമാണ്.