ഏങ്ങണ്ടിയൂർ: പഞ്ചായത്തിനെതിരെയും പഞ്ചായത്തംഗം അനിത മുരുകേശനെതിരായും ചിലർ നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ പ്രസ്താവനയിൽ അറിയിച്ചു. ആശാവർക്കർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റായി പ്രവർത്തിക്കുന്നതിന് തടസമുള്ള ഉത്തരവുകൾ ഒന്നും തന്നെയില്ല. നിലവിലെ ഭരണസമിതി അധികാരത്തിൽ വരുന്നതിന് മുമ്പ് അനിത മുരുകേശൻ ആശാവർക്കറായിരുന്നു. ആശാവർക്കർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റായി പ്രവർത്തിക്കാൻ കഴിയുകയില്ലെന്ന സർക്കുലർ ഇറങ്ങി ഒരു ദിവസം മാത്രമേ അനിത മുരുകേശൻ പ്രവർത്തിച്ചിട്ടുള്ളൂ. ആ ദിവസത്തെ വേതനം തിരിച്ചടക്കാൻ ഓംബുഡ്‌സ്മാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. വസ്തുത ഇതായിരിക്കെ പ്രതിപക്ഷം നടത്തുന്നത് കള്ളപ്രചാരണമാണെന്ന് പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു.