ekadasi

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഡിസംബർ മൂന്നിനും നാലിനും ഏകാദശി ആചരിക്കാനുള്ള ദേവസ്വം തീരുമാനത്തിൽ ഹൈന്ദവസംഘടനകൾക്ക് പ്രതിഷേധം. ഗുരുവായൂർ ഏകാദശി ആനന്ദപക്ഷമാണെന്നും, ആനന്ദപക്ഷ ഏകാദശി ഡിസംബർ നാലിന് ആണെന്നിരിക്കേ ഡിസംബർ മൂന്നിനും ഏകാദശി ആചരിക്കാനുള്ള തീരുമാനം ദേവസ്വത്തിന്റെ രാഷ്ട്രീയ ഗൂഢലോചന ആണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.

ദേവസ്വം പഞ്ചാംഗം ഗണിച്ച കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി ഏകാദശി ആചരിക്കേണ്ടത് ഡിസംബർ നാലിനാണെന്ന് ഭരണ സമിതിക്കും, ക്ഷേത്രം തന്ത്രിക്കും എഴുതി നൽകുകയും, ഇക്കാര്യം യോഗത്തിൽ ദേവസ്വം ഭരണസമിതിയെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തതാണ്. എന്നിട്ടും ഡിസംബർ 3 നും 4 നും ഏകാദശി എന്ന ദേവസ്വം തീരുമാനം ഹൈന്ദവ ആചാരങ്ങളെ ദുർബ്ബലപ്പെടുത്തി വിശ്വാസത്തെ ഇല്ലാതാക്കാനുള്ള സി.പി.എം. ഗൂഢലോചനയുടെ ഭാഗമാണെന്നും ഐക്യവേദി ആരോപിക്കുന്നു.
3 ന് ഏകാദശിയും 4ന് ദ്വാദശിയുമാണ് ദേവസ്വം നേരത്തെ തീരുമാനിച്ചത്. നാലിനാണ് ഏകാദശി ആചരിക്കേണ്ടതെന്ന് ഭൂരിപക്ഷം ജ്യോതിഷികളും അഭിപ്രായപ്പെട്ടിരുന്നു. ദേവസ്വം പഞ്ചാംഗം ഗണിച്ച കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടും ഈ നിലപാട് അറിയിച്ചിരുന്നു. നാലിന് ആചരിക്കാനുള്ള തന്റെ കുറിപ്പു തിരുത്തി മൂന്നിന് ആചരിക്കാൻ ദേവസ്വം തീരുമാനിച്ചുവെന്ന് കാണിപ്പയ്യൂർ വ്യക്തമാക്കിയതോടെ, ദേവസ്വം യോഗം ചേർന്ന് രണ്ട് ദിവസവും ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം തന്ത്രിയുടെ അഭിപ്രായവും 1992-93 വർഷം സമാന സാഹചര്യത്തിൽ ദേവസ്വം സ്വീകരിച്ച നടപടിക്രമങ്ങളും കണക്കിലെടുത്തുവെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. ദേവസ്വം പഞ്ചാംഗ ഗണിത കർത്താക്കളുടെ യോഗത്തിനെത്തിയവരും നാലിന് ആചരിക്കാനാണ് നിർദേശിച്ചത്.


വൈദിക കർമ്മങ്ങളുടെ ആചാരാനുഷ്ഠാനക്രമം വിധിക്കുന്നത് ഓതിക്കന്മാരും, വൈദികന്മാരുമാണ്. ക്ഷേത്രങ്ങളിലെ പൂജാദിക്രിയകളുടെ താന്ത്രികപ്രവൃത്തികളുടെ പരമാധികാരം ക്ഷേത്രതന്ത്രിക്കുമാണ്. ഏകാദശി വ്രതാനുഷ്ഠാനം ദ്വാദശിപാരണയ്ക്ക് ശേഷം പൂർത്തീകരിക്കുക എന്നതാണ് ആചാരം. ദേവപക്ഷമായ ആനന്ദആചാര്യപക്ഷ ഏകാദശിയാണ് ക്ഷേത്രങ്ങളിൽ ആചരിക്കേണ്ടത്. ഡിസംബർ അഞ്ചിന് ദ്വാദശി പാരണയായതിനാലാണ് നാലിന് ആചരിക്കണമെന്ന് പറയുന്നത്.

കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്‌