
തൃശൂർ: സാമൂഹ്യ രാഷ്ട്രീയ സാഹിത്യ മണ്ഡലങ്ങളിലുള്ളവരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി,എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ ഭൗതികദേഹം സാംസ്‌കാരിക തലസ്ഥാനത്തിന്റെ മണ്ണോട് ചേർന്നു.
സാഹിത്യ അക്കാഡമി നടുത്തളത്തിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മന്ത്രി കെ.രാജൻ,ടി.എൻ പ്രതാപൻ എം.പി,പി.ബാലചന്ദ്രൻ എം.എൽ.എ,കളക്ടർ ഹരിത വി. കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പൊലീസ് ഔദ്യോഗിക ബഹുമതി നൽകി. തുടർന്ന് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കാരം നടത്തി.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. യാത്ര ചെയ്യാൻ കഴിയാത്ത അച്ഛനും അമ്മയ്ക്കും മകനെ അവസാനമായി കാണാനായി വെള്ളിയാഴ്ച രാത്രി 11.45ന് അവർ താമസിക്കുന്ന ചൊവ്വൂരിലെ വീട്ടിലെത്തിച്ചു. തുടർന്ന്, വീട്ടിലെ പൊതുദർശനത്തിന് ശേഷം പന്ത്രണ്ടോടെ സാഹിത്യ അക്കാഡമിയിലേക്ക് കൊണ്ടുവന്നു. ഭാര്യ ഗിരിജ,മകൾ വർഷ,മരുമകൻ ശ്രീരാജ്,സഹോദരൻ അനിൽകുമാർ,സഹോദരി മൃദുല എന്നിവരും സതീഷ് ബാബു സെക്രട്ടറിയായി പ്രവർത്തിച്ച ഭാരത് ഭവൻ ജീവനക്കാരും തിരുവനന്തപുരത്ത് നിന്നും മൃതദേഹത്തെ അനുഗമിച്ചു.
കേരളകൗമുദിക്കായി തൃശൂർ യൂണിറ്റ് ചീഫ് എൻ.എസ്.കിരൺ പുഷ്പചക്രം സമർപ്പിച്ചു. എ.സി മൊയ്തീൻ എം.എൽ.എ,ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ,മുൻ മന്ത്രി വി.എസ് സുനിൽകുമാർ,മുൻ എം.എൽ.എമാരായ പന്തളം സുധാകരൻ,ടി.വി ചന്ദ്രമോഹൻ,എം.പി വിൻസെന്റ്,സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി അബൂബക്കർ,സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ,സെക്രട്ടറി കരിവള്ളൂർ മുരളി,സംഗീത നാടക അക്കാഡമി മുൻ സെക്രട്ടറി ഡോ.പി.വി.കൃഷ്ണൻ നായർ,ലളിതകലാ അക്കാഡമി മുൻ സെക്രട്ടറി ശ്രീമൂലനഗരം മോഹനൻ,എഴുത്തുകാരായ അശോകൻ ചെരുവിൽ,അഷ്ടമൂർത്തി,എൻ.രാജൻ,ശ്രീലത,രാവുണ്ണി,ജോർജ് എസ്.പോൾ,യു.ഡി.എഫ് മുൻ ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.