
തൃശൂർ: നൈപുണ്യ വികസനത്തിനായി കോളേജുകളിൽ കമ്മ്യൂണിറ്റി സ്‌കിൽ സെല്ലുകൾ ആരംഭിക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനം. 16 കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ സജ്ജമാണെന്നും പറഞ്ഞു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കേരളവർമ്മ കോളേജിൽ സംഘടിപ്പിച്ച നിയുക്തി മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുകയെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. വൈദഗ്ദ്ധ്യ പോഷണത്തിന് വലിയ സാദ്ധ്യത സർക്കാർ സൃഷ്ടിക്കുന്നുണ്ട്. അസാപ്, കെ. ഡിസ്‌ക് പോലുള്ള പ്ലാറ്റ് ഫോമുകൾ തൊഴിലന്വേഷകർക്ക് വളരെയേറെ പ്രയോജനം ചെയ്യുമെന്നും പറഞ്ഞു. ടി.എൻ പ്രതാപൻ എം.പി അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ വി.ആതിര, പി.സുകുമാരൻ, മേഖല എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ.അബ്ദുറഹിമാൻകുട്ടി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ എം.ശിവദാസൻ, കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ വി.എം നാരായണ മേനോൻ, കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാൻ വി.നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.