തൃശൂർ: കൊവിഡിന് ശേഷം കൃഷിക്ക് അനുകൂലമായ സാഹചര്യം സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും കൃഷിയിൽ നൂതനരീതികൾ അവലംബിക്കണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ രാമവർമ്മപുരം ചൈൽഡ് വെൽഫെയർ ഹോമിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അധിഷ്ഠിത പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നൂതന കൃഷി രീതിയൽ മണ്ണിന്റെയും സ്ഥലത്തിന്റെയും ആവശ്യം കുറവാണ്. കുറഞ്ഞ ചെലവിൽ എവിടെയും കൃഷി ചെയ്യാം. പ്രോത്സാഹനവുമായി സർക്കാർ ഒപ്പമുണ്ട്-മന്ത്രി പറഞ്ഞു. വിൽവട്ടം കൃഷിഭവന്റെ നേതൃത്വത്തിലാണ് തുള്ളിനനയിലൂടെ പച്ചമുളക്, വെണ്ട, വഴുതന തുടങ്ങിയവ കൃഷി ചെയ്യുന്നത്. വിത്ത്, തൈ, ജൈവ കീടനാശിനി, സസ്യ സംരക്ഷണ ഉപാധികൾ, 200 ഗ്രോബാഗുകൾ എന്നിവയ്ക്കായി 34,600 രൂപ അനുവദിച്ചു. ഇഞ്ചിയും വാഴയും മറ്റ് ഫലവൃക്ഷക്കൃഷിയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിലേക്ക് വിഷരഹിത പച്ചക്കറി ഉണ്ടാക്കുകയും അന്തേവാസികളിൽ കൃഷിയിലൂടെ മാനസികോല്ലാസം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷത വഹിച്ചു. വനിതാശിശു വികസന ഓഫീസർ പി. മീര, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സൂസമ്മ ജോർജ്, അസി. ഡയറക്ടർ പി.സി. സത്യവർമ്മ, കൃഷി ഓഫീസർ ജി.കവിത തുടങ്ങിയവർ പങ്കെടുത്തു.