ijk

ഇരിങ്ങാലക്കുട: കൊവിഡ് വ്യാപനത്തിന് ശേഷം കലോത്സവമുറ്റത്തെ സജീവമാക്കി, വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും അണിയറപ്രവർത്തകരും. കൗമാരമേളയ്ക്ക് കൊടിയിറങ്ങുമ്പോൾ എല്ലാവരിലും സംതൃപ്തി. എടുത്തുപറയേണ്ടത്, കാണികളും ജനക്കൂട്ടവും പ്രതീക്ഷിച്ചത് പോലെ ഉണ്ടായില്ല എന്നത് മാത്രം.
ചരിത്രത്തിൽ ആദ്യമായി രണ്ടാംസ്ഥാനക്കാർക്കും ട്രോഫിയുണ്ടായിരുന്നു. കലോത്സവം ആരംഭിച്ചത് മുതൽ ഒന്നാംസ്ഥാനക്കാർക്ക് മാത്രമാണ് ട്രോഫി നൽകിയത്. എന്നാൽ ഈ വർഷം രണ്ടാം സ്ഥാനക്കാർക്കും സംസ്‌കൃതം, അറബിക് കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സബ് ജില്ലകൾക്കും ട്രോഫിയുണ്ടായിരുന്നു. മത്സരവിജയികൾക്ക് റോളിംഗ് ട്രോഫിയും വ്യക്തിഗത ട്രോഫിയും. ഒന്നും രണ്ടും സ്ഥാനക്കാർക്കായി 1800 വ്യക്തിഗത ട്രോഫികളും 325 റോളിംഗ് ട്രോഫികളുമായിരുന്നു. രണ്ടാം സ്ഥാനത്തെത്തുന്നവർക്കുള്ള 900 ട്രോഫികൾ നൽകുന്നത് സ്‌നേഹപൂർവം ചാരിറ്റബിൾ ട്രസ്റ്റും മൈ എഫ്.എം 90, ടി.എൻ പ്രതാപൻ എം.പിയും സംയുക്തമായാണ്. 25 അഗ്രിഗേറ്റ് ട്രോഫികളുമുണ്ടായിരുന്നു.

പരിചമുട്ടിൽ പാരമ്പര്യം തെറ്റിക്കാതെ

പരിചമുട്ട് കളിയിൽ പാരമ്പര്യം തെറ്റിക്കാതെ ഇത്തവണയും ഒന്നാം സ്ഥാനം നിലനിറുത്തി മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്‌കൂൾ. മത്സരത്തിന്റെ ആദ്യവേദിയിൽ ഒന്നാം സ്ഥാനം ലഭിച്ചതിനാൽ ഇരട്ടി മധുരവും. ഹൈസ്‌കൂൾ വിഭാഗത്തിലാണ് ടീം ഒന്നാമതായത്. 2015 മുതൽ സ്ഥിരമായി മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്‌കൂൾ ടീമാണ് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം നേടാറുള്ളത്. സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളായ അനന്ദു, അമൽ, കൃഷ്ണദേവ്, അദുൽ, സ്‌കൂൾ സ്റ്റാഫ് ജനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളുടെ ഈ ടീം സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസ് വിദ്യാർത്ഥികളായ ബ്രഹ്മദത്തൻ, ആദർശ്, അഗ്‌നിമിത്രൻ, അർജുൻ, അക്ഷയ്, ശിവ, കാശിനാഥ്, സൂരജ് എന്നിവരാണ് വേദിയിൽ തകർത്താടിയത്.