vrinda-

തൃശൂർ: ഇംഗ്ലീഷ് പാഠപുസ്തകം അടച്ചാൽ അനൂപ് മാഷ് തുറക്കുക ഗിറ്റാറിന്റെ ബാഗ് (കെയ്‌സ്). സ്വന്തം വാദ്യോപകരണങ്ങൾക്കൊപ്പം സ്റ്റീരിയോയും അനുബന്ധ ഉപകരണങ്ങളും വീട്ടിൽ നിന്ന് സ്‌കൂളിലെത്തിച്ച് കുട്ടികൾക്ക് നൽകി, ഒന്നര മാസം പരിശീലനം. ഒടുവിൽ, അദ്ധ്യാപകന് കുട്ടികളുടെ ഗുരുദക്ഷിണ, വൃന്ദവാദ്യത്തിൽ ഫസ്റ്റ് എ ഗ്രേഡ്!. വിവേകോദയം ഹൈസ്‌കൂൾ വിഭാഗം കുട്ടികളും സംഗീതം പഠിപ്പിച്ച ഇംഗ്ലീഷ് അദ്ധ്യാപകൻ അനൂപ് വെള്ളാറ്റഞ്ഞൂരുമാണ് വാദ്യവേദിയിൽ വിസ്മയം തീർത്തത്.

ഹംസനാദം രാഗത്തിലുള്ള ബണ്ടു രീതി കോലു എന്ന കർണാട്ടിക് കീർത്തനമാണ് കുട്ടികൾ 'ആസ്വദിച്ച്' അവതരിപ്പിച്ചത്. സ്വന്തമായി ഒരു ബാൻഡ് പ്രോഗ്രാം അവതരിപ്പിക്കുന്ന ലാഘവത്തോടെ പരസ്പരം പ്രോത്സാഹിപ്പിച്ചും ഉല്ലസിച്ചുമാണ് കുട്ടികൾ വേദി കൈയടക്കിയത്. കെഹോൺ, ടാമറിൻ തുടങ്ങിയ ഉപകരണങ്ങൾ വൃന്ദവാദ്യത്തിൽ ഒന്നിപ്പിച്ചതും ശ്രദ്ധേയമായി. ഗോകുൽ ആലങ്ങാട് ആണ് തനിയാവർത്തനം ചിട്ടപ്പെടുത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥികളായ അമൽദേവും (വയലിൻ ലീഡ്), അഭയ് ദേവും (ഡ്രംസ്) സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ എം.ജി.സജീവിന്റെ ഇരട്ടക്കുട്ടികളാണ്. ദ്രുപത് കൃഷ്ണമേനോൻ (കെഹോൺ ആൻഡ് ടാമറിൻ), യാഷ് പി.രാജേന്ദ്രൻ , അഭ്യുദയ് കൃഷ്ണ (ഇരുവരും കീബോർഡ്), അഭിനവ് കെ.മേനോൻ (ലീഡ്), അഭിനവ് കെ.കൃഷ്ണ (മൃദംഗം) എന്നിവരാണ് ടീമിലെ മറ്റംഗങ്ങൾ.