
തൃശൂർ: എല്ലാ നേട്ടങ്ങൾക്കും അടിസ്ഥാനം തൃശൂർ ഗവ.എൻജിനീയറിംഗ് കോളേജിൽ നിന്നും നേടിയ ബിരുദമാണെന്നും ആഴത്തിലുള്ള അറിവും ആശയം വ്യക്തമായി അവതരിപ്പിക്കാനുള്ള കഴിവും ഉണ്ടെങ്കിൽ സ്ത്രീയെന്ന പേരിൽ ഒരു വിവേചനവും നേരിടേണ്ടിവരില്ലെന്നും ബംഗളൂരു ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഏറോനോട്ടിക്കൽ സിസ്റ്റംസ് ഡോ.ടെസി തോമസ് പറഞ്ഞു. താല്പര്യമുള്ള മേഖലകളിൽ പ്രവർത്തിച്ചാൽ ജീവിത വിജയം സുനിശ്ചിതമാണെന്നും ഇന്ത്യയുടെ 'മിസൈൽ വുമൺ' എന്നറിയപ്പെടുന്ന ഡോ.ടെസി വിദ്യാർത്ഥികളോട് പറഞ്ഞു. ഗവ. എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന 'ദ്യുതി 2022' എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുമായി സംവദിക്കുവാനാണ് ഡോ.ടെസി തോമസ്സ് വീണ്ടും വന്നത്. പ്രിൻസിപ്പൽ ഡോ.രഞ്ജിനി ഭട്ടതിരിപ്പാട്, പ്രൊഫ.നൗഷജ, പ്രൊഫ.പി.പി ശിവൻ, മുൻ പ്രൊഫ.ടി കൃഷ്ണകുമാർ എന്നിവരും സംസാരിച്ചു.