കൊടകര: പൂനിലാർക്കാവ് ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ ഷഷ്ടി മഹോത്സവം ചൊവ്വാഴ്ചയും തൃക്കാർത്തിക ഉത്സവം ഡിസംബർ ഏഴാം തീയതിയും ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഷഷ്ടി ആഘോഷത്തിൽ 21 ദേശങ്ങളിൽ നിന്നായി 21 സെറ്റുകാർ പങ്കെടുക്കും. പീലിക്കാവടികളും നീലക്കാവടികളും താളമേളങ്ങളും മറ്റുമായി ബുധനാഴ്ച രാവിലെ മുതൽ കൊടകരയുടെ ഗ്രാമ, നഗര വീഥികൾ കാവടി ആട്ടക്കാർ കയ്യടക്കും. ആദ്യ കാവടി സെറ്റ് ചൊവ്വാഴ്ച രാവിലെ 11 മണിക്കും രാത്രി 11.30 നും ക്ഷേത്ര പന്തലിലെത്തും.
കാർത്തിക ദിവസം രാവിലെ 3ന് പള്ളിയുണർത്തൽ, 4ന് അഷ്ടപദി, 6ന് ഉഷ പൂജ, 8.45ന് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, ഉച്ചയ്ക്ക് 2.30ന് കാഴ്ച ശീവേലി, പഞ്ചവാദ്യം, 5ന് മേളം, 6 മുതൽ 8.30 വരെ നാദസ്വര കച്ചേരി, 9.30ന് നാടകം, രാത്രി ഒരു മണിക്ക് പുറത്തേയ്ക്ക് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാവും. കാർത്തിക ഉത്സവത്തിന്റെ തലേ ദിവസം വൈകിട്ട് 5ന് കാഴ്ച ശീവേലി, 6.30ന് ദീപാരാധന, 7.30 മുതൽ വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാവും. വാർത്താസമ്മേളനത്തിൽ ഭരണസമിതി സെക്രട്ടറി, രവീന്ദ്രൻ ഇളയത്ത്, ഭാരവാഹികളായ എം.കെ. രാമകൃഷ്ണൻ, കെ. സുരേഷ് മേനോൻ, ഇ. അരവിന്ദാക്ഷൻ, ഇ.എൻ. അജിത് കുമാർ എന്നിവർ പങ്കെടുത്തു.