റെയിൽ ഗതാഗതം ഉറപ്പുവരുത്താനുള്ള സാദ്ധ്യതാ പട്ടികയിൽ കൊടുങ്ങല്ലൂരും
കൊടുങ്ങല്ലൂർ: റെയിൽ ഗതാഗതം ഉറപ്പുവരുത്താനുള്ള സാദ്ധ്യതാ പട്ടികയിൽ കൊടുങ്ങല്ലൂർ ഇടം പിടിച്ചതിൽ ജനപ്രതിനിധികളും നഗരസഭയും രാഷ്ട്രീയ കക്ഷികളും സംഘടനകളും ആനുകൂല നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു. അമ്പതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള മുഴുവൻ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള സാദ്ധ്യതാ പട്ടികയിലാണ് കേരളത്തിലെ നാല് നഗരങ്ങൾക്കൊപ്പം കൊടുങ്ങല്ലൂരും ഇടം പിടിച്ചിട്ടുള്ളത്. റെയിൽവേ പാത സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ റെയിൽവേ ബോർഡ് സോണൽ മാനേജർമാർക്ക് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ഒത്തൊരുമയോടെ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
തീരദേശ റെയിൽവേയെന്ന ആവശ്യത്തിന് പതീറ്റാണ്ടുകളുടെ പഴക്കം
കാൽ നൂറ്റാണ്ട് മുമ്പ് കൊടുങ്ങല്ലൂർ തീരദേശ റെയിൽവേ ആക്ഷൻ കൗൺസിലായിരുന്നു തീരദേശ റെയിൽവേയെന്ന ആവശ്യം ആദ്യമുന്നയിച്ചത്. അന്ന് പറവൂർ മുൻസിപ്പൽ ചെയർമാനായിരുന്ന കെ.പി. ഉദയഭാനു, തൃപ്രയാറിലെ കോൺഗ്രസ് നേതാവായിരുന്ന കെ. കുട്ടികൃഷ്ണൻ, കൊടുങ്ങല്ലൂരിൽ മാദ്ധ്യമ പ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്ന പി.എം.എസ്. റാവു എന്നിവരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് ജനതാദൾ നേതാവ് ചന്ദ്രപ്പണിക്കരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കൊടുങ്ങല്ലൂർ പൗരസമിതി ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. രണ്ടു സംഘടനകളുടെയും നേതൃത്വത്തിൽ കേന്ദ്ര തലത്തിൽ പലതവണ നിവേദനങ്ങളും ചർച്ചകളും നടത്തിയെങ്കിലും യാതൊന്നും സംഭവിച്ചില്ല.