
ഇരിങ്ങാലക്കുട : സ്‌കൂൾ കലോത്സവത്തിൽ 893 പോയിന്റ് നേടി 117.5 ഗ്രാമിന്റെ സ്വർണ്ണക്കപ്പ് സ്വന്തമാക്കി ഇരിങ്ങാലക്കുട ഉപജില്ല. 832 പോയിന്റോടെ തൃശൂർ വെസ്റ്റ് രണ്ടാം സ്ഥാനവും 800 പോയിന്റ് നേടി കുന്നംകുളം ഉപജില്ല മൂന്നാം സ്ഥാനവും നേടി. ജേതാക്കൾക്കുള്ള സമ്മാനദാനം മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ 123 പോയിന്റുമായി സെന്റ് ജോസഫ് മതിലകവും ഹയർ സെക്കൻഡറി വിഭാഗത്തിൽ 127 പോയിന്റോടെ ചെന്ത്രാപ്പിന്നി എച്ച്.എസ്.എസും ഒന്നാം സ്ഥാനം നേടി. 186 അപ്പീലാണ് ലഭിച്ചത്.
സമാപന സമ്മേളനം മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ക്ലാസിക്കൽ നാടൻകലകളുടെ വിളനിലമായ ഇരിങ്ങാലക്കുടയ്ക്ക് അവിസ്മരണീയ അനുഭവമായി കലോത്സവമെന്ന് മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. വി.ആർ സുനിൽകുമാർ എം.എൽ.എ, ഇരിങ്ങാലക്കുട നഗരസഭ ഉപാദ്ധ്യക്ഷൻ ടി.വി ചാർളി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സുജ സജീവ്കുമാർ, അംബിക പള്ളിപ്പുറത്ത്, ജെയ്‌സൺ പാറേക്കാടൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മദനമോഹനൻ, കവിത ബാലകൃഷ്ണൻ, അബ്ദുൾ കരീം വെട്ടത്തൂർ, അഷറഫ് എം, വി.എം കരീം, ഇരിങ്ങാലക്കുട ഡി.ഇ.ഒ ജസ്റ്റിൻ തോമസ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ.ശ്രീജ എം. എന്നിവർ സന്നിഹിതരായിരുന്നു.