തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക തീർത്ഥകേന്ദ്രത്തിലെ (പുത്തൻപള്ളി) പ്രതിഷ്ഠാ തിരുനാൾ ആഘോഷിച്ചു. ഇന്നലെ രാവിലെ 9.45ന് തിരുനാൾ പാട്ടുകുർബാനയ്ക്ക് തൃശൂർ അതിരൂപതാ മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമ്മികനായി. വൈകിട്ട് തിരുനാൾ പ്രദക്ഷിണം, വ്യാകുലം എഴുന്നള്ളിപ്പ് എന്നിവ നടന്നു. അന്നേ ദിവസം വിവിധ സമയങ്ങളിൽ കുർബാനയുമുണ്ടായി. ഇന്ന് രാവിലെ 7.30ന് പൂർവികർക്കായി കുർബാനയും ഒപ്പീസുമുണ്ടാകും. വൈകിട്ട് ആറരയ്ക്ക് ആരംഭിക്കുന്ന വാദ്യമേളത്തോടെ തിരുന്നാളിന് സമാപനമാകും. നടത്തുകൈക്കാരൻ സണ്ണി തേർമഠം, ജനറൽ കൺവീനർ സെബി ചാണ്ടി, വ്യാകുലം കൺവീനർ ഔസേപ്പ് കുരുതുകുളങ്ങര, പി.ആർ.ഒ ആൻഡ് പബ്ലിസിറ്റി കൺവീനർ ടി.എൽ.ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.