ചെന്ത്രാപ്പിന്നി: പഞ്ചാരിയിൽ കൊട്ടിക്കയറി വിസ്മയം തീർത്ത് വിദ്യാർത്ഥികളുടെ അരങ്ങേറ്റം. ചെന്ത്രാപ്പിന്നി ശ്രീകുമാരമംഗലം സമുദായ ക്ഷേത്രാങ്കണത്തിലാണ് വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം നടന്നത്. കണ്ണംപുള്ളിപ്പുറം എസ്.എൻ യുവജന കലാസമിതിയുടെ ആഭിമുഖ്യത്തിൽ തൃക്കുലശേഖരപുരം അബിന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച ഏഴ് മുതൽ 12 വയസ് വരെയുള്ള 9 വിദ്യാർത്ഥികളാണ് അരങ്ങേറ്റം നടത്തിയത്.
ഗുരുനാഥൻ തൃക്കുലശേഖരപുരം അബിനോടൊപ്പം വിദ്യാർത്ഥികളും 25 മേള കലാകാരൻമാരും അരങ്ങേറ്റമേളത്തിൽ പങ്കെടുത്തു. ഒന്നര മണിക്കൂർ നീണ്ട പഞ്ചാരിമേളം ആസ്വദിക്കാൻ നിരവധി കലാസ്‌നേഹികൾ ക്ഷേത്രാങ്കണത്തിൽ എത്തി. പ്രമുഖ മേള കലാകാരന്മാരായ പുത്തൻവേലിക്കര വിജയൻ മാരാർ, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ, കുഴൂർ സുധാകരൻ മാരാർ, തൃപ്പേക്കുളം ഉണ്ണി മാരാർ, പെരുവാരം സന്തോഷ് മാരാർ എന്നിവർ വിശിഷ്ടാതിഥികളായി.