വടക്കാഞ്ചേരി: സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ ശ്രമഫലമായി വടക്കാഞ്ചേരിയിലേക്ക് അനുവദിച്ച അതിവേഗ പോക്‌സോ കോടതി ഡിസംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും. കുന്നംകുളം റോഡിൽ കുമരനെല്ലൂർ കൃഷിഭവന് മുന്നിലാണ് കോടതി ആരംഭിക്കുന്നത്. നിലവിൽ കോടതി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കോടതിക്ക് പ്രവർത്തിക്കാൻ വേണ്ട സ്ഥലപരിമിതി മൂലമാണ് വാടക കെട്ടിടത്തിൽ ആരംഭിക്കുന്നത്. വടക്കാഞ്ചേരിയിൽ മിനി സിവിൽസ്റ്റേഷൻ നിർമ്മാണ സമയത്ത് പഴയ കോടതി പൊളിച്ച് മൂന്നു നിലകളുള്ള കോടതി സമുച്ചയം നിർമ്മിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ഒരു വിഭാഗം അഭിഭാഷകരുടെയും ജീവനക്കാരുടേയും എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അതിവേഗ പോക്‌സോ കോടതിയടക്കമുള്ളവ ഇവിടെ പ്രവർത്തിക്കാനായിരുന്നു തീരുമാനം. വർദ്ധിച്ചു വരുന്ന പോക്‌സോ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ കോടതി ആരംഭിക്കുന്നത്.