പഴയന്നൂർ: ഓൺലൈൻ സേവനമേഖലയിൽ സർക്കാർ അംഗീകൃത സ്ഥാപനമായ അക്ഷയകേന്ദ്രങ്ങളിലെ മികച്ച സേവനത്തിനുള്ള സർക്കാർ അവാർഡ് പഴയന്നൂർ അക്ഷയേ കേന്ദ്രത്തിനു ലഭിച്ചു. സംസ്ഥാനത്തെ 2954 അക്ഷകേന്ദ്രങ്ങളിൽ നിന്നാണ് പഴയന്നൂർ അക്ഷയ കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടത്. ഐ.ടി മിഷനു കീഴിൽ ജില്ലാകളക്ടർ ചെയർമാനായ ഇഗവേണൻസ് സൊസൈറ്റിയാണ് അതത് ജില്ലകളിൽ അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. തൃശൂർ ജില്ലയിൽ മാത്രം 236 അക്ഷയ കേന്ദ്രങ്ങളാണുളളത്. തിരുവനന്തപുരത്ത് ഡിസംബർ മൂന്നിന് പുരസ്‌കാരദാനച്ചടങ്ങ് നടക്കും. എളനാട് സ്വദേശിയായ പരുത്തിക്കാട്ടിൽ സജി തോമസാണ് പഴയന്നൂർ അക്ഷയ കേന്ദ്ര സംരംഭകൻ.

പുരസ്കാരം നേടുന്നത് ആറാം തവണ

പഴയന്നൂർ അക്ഷയ കേന്ദ്രം ഒന്നാംസ്ഥാനം നേടുന്നത് ഇത് ആറാം തവണയാണ്. ഐ.ടി അധിഷ്ടിത സേവനങ്ങൾക്ക് 2014, 2015, 2017 വർഷങ്ങളിൽ അക്ഷയയുടെ സംസ്ഥാന പുരസ്‌കാരം പഴയന്നൂർ അക്ഷയ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ കേരള സംസ്ഥാന ഇ ഗവേണൻസ് സംസ്ഥാന അവാർഡ് 2010, 2016-2017 വർഷങ്ങളിലും പഴയന്നൂർ അക്ഷയ കേന്ദ്രത്തെ തേടിയെത്തിയിട്ടുണ്ട്.