ajeesh-
ചിരട്ടയിൽ പണിത ആറേമുക്കാലടി നിലവിളക്കുമായി അജീഷ്

തൃശൂർ: ബാങ്കിൽ ചെറിയൊരു നോട്ടപ്പിശകുപോലും വരാതെ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ കൈകാര്യം ചെയ്യുന്ന അജീഷ്, വീട്ടിലെത്തിക്കഴിഞ്ഞാൽ അതിനേക്കാൾ ജാഗ്രതയോടെ ചിരട്ടചില്ലുകൾ അടുക്കിപ്പെറുക്കാൻ തുടങ്ങും. സൂചിവലിപ്പമുള്ള ചില്ലുകൾ മുതൽ നാണയ വലിപ്പമുള്ള ചിരട്ടച്ചില്ലുകൾ വരെ രാകി മിനുസപ്പെടുത്തി മൂന്നരവർഷം കൊണ്ടു നിർമ്മിച്ചത് ആറേമുക്കാൽ അടി ഉയരവും ഇരുപത് കിലോയോളം തൂക്കമുള്ള നിലവിളക്ക്.

വിളക്കിന്റെ അഗ്രഭാഗത്ത് ഗണേശ വിഗ്രഹവും പണിതുചേർത്തു. ചിരട്ടകൾ പൊട്ടിച്ചെടുത്ത പതിനായിരം ചില്ലുകൾ വേണ്ടിവന്നു. നിലവിളക്കിന്റെ രൂപത്തിൽ വെട്ടിയൊതുക്കിയ തെർമോകോളിൽ രാകിയെടുത്ത ചിരട്ടചില്ലുകൾ ഫെവികോൾ കൊണ്ടു ഒട്ടിക്കുകയായിരുന്നു. വിളക്ക് നാലു ഭാഗങ്ങളായി അടർത്തി മാറ്റാനും കഴിയും.

ചിരട്ടയിൽ മനോഹരരൂപം തീർത്തത് അറിഞ്ഞ് നാളീകേര വികസന ബോർഡിലെ ഉദ്യോഗസ്ഥരും എത്തി. ചിരട്ട കൊണ്ടുള്ള ശിൽപ്പങ്ങളെ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെ പ്രചരിപ്പിക്കുകയെന്ന ദൗത്യവുമായാണ് സന്ദർശനം.

ചിരട്ടചീളുകൾ മുറിക്കാൻ ഹാക്‌സോ ബ്‌ളേഡും ആകാരഭംഗി വരുത്താൻ ഗ്രൈൻഡറും മിനുസപ്പെടുത്താൻ സാൻഡ് പേപ്പറും ഒട്ടിക്കാൻ പശയും ഉണ്ടെങ്കിൽ ശിൽപ്പങ്ങൾ റെഡി.

പനമുക്ക് വട്ടപ്പിന്നി കാര്യാട്ടുകരക്കാരൻ വീട്ടിൽ പദ്മനാഭന്റെയും ഉഷയുടെയും മകനാണ് അജീഷ്. ഭാര്യ ജീഷ്മയും കട്ടസപ്പോർട്ടുമായി കൂടെയുണ്ട്. ഈർക്കിൽ കൊണ്ടും കരകൗശലവസ്തുക്കൾ നിർമ്മിച്ചിട്ടുണ്ട്. വീടുതന്നെ കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനശാല പോലെയായി.

തുടക്കം കാശുകുടുക്കയിൽ

കാശുകുടുക്കകളും മറ്റും ചിരട്ടയിൽ പണിതാണ് തുടക്കം. ആറ് വർഷം മുൻപാണ് ഫെഡറൽ ബാങ്കിൽ ജോലി കിട്ടിയത്. ജോലി കഴിഞ്ഞെത്തിയാൽ ശിൽപ്പനിർമ്മാണം ഹോബിയായി.

ആറുമാസം മുൻപ് ആലപ്പുഴയിലേക്ക് മാറ്റം കിട്ടി. ശിൽപ്പനിർമ്മാണത്തിന് തത്കാലം അവധികൊടുത്തിരിക്കുകയാണ്.

ശിൽപ്പങ്ങൾ:

കുപ്പിക്കുള്ളിൽ ഈർക്കിൽ കൊണ്ടുള്ള പുത്തൻപള്ളി
ശ്രീബുദ്ധൻ
നടരാജ വിഗ്രഹം
കഥകളിമുഖം
പക്ഷികൾ


ചിരട്ട മാഹാത്മ്യം

എത്രകാലം വേണമെങ്കിലും നശിക്കാതെ സൂക്ഷിക്കാം
ഉളിയോ മറ്റ് ആധുനിക ഉപകരണങ്ങളോ വേണ്ട
പണം മുടക്കില്ലാതെ ചിരട്ടകൾ യഥേഷ്ടം കിട്ടും
പോളിഷ് ചെയ്താൽ നല്ല തിളക്കവും ഭംഗിയുമുണ്ടാകും

ഈ നിലവിളക്ക് സ്വപ്നസാക്ഷാത്കാരമാണ്. എത്ര പണം കിട്ടിയാലും വിൽക്കാൻ ഉദ്ദേശിക്കുന്നില്ല. മനസിൽ ഇനിയും ശിൽപ്പങ്ങളുണ്ട്. സമയം ഒത്തുവന്നാൽ പണി തുടങ്ങും.

- അജീഷ്‌