1

തൃശൂർ: ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് പാലിന് സബ്‌സിഡി ഇനത്തിൽ ജില്ലയിൽ വിതരണം ചെയ്യുന്നത് 175 ലക്ഷം രൂപ. ജില്ലാ പഞ്ചായത്തിന്റെ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര വികസന വകുപ്പ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ഷീരസഹകരണ സംഘങ്ങളിൽ ക്ഷീരകർഷകർ അളക്കുന്ന ഒരു ലിറ്റർ പാലിന് മൂന്ന് രൂപ നിരക്കിൽ സബ്‌സിഡി കർഷകരുടെ ബാങ്ക് അക്കൗണ്ട് വഴി നൽകുന്നതാണ് പദ്ധതി.

പഴഞ്ഞി, കാട്ടകാമ്പാൽ പഞ്ചായത്തുകളിൽ പദ്ധതിക്ക് തുടക്കമായി. 2023 മാർച്ച് മാസത്തോടെ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും ഇതിന്റെ ഭാഗമാകും. ക്ഷീര കർഷകർക്ക് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അദ്ധ്യക്ഷയായി. ക്ഷീരസംഘം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണിക്കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ക്ഷീരസംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും അവലോകന യോഗം ചേർന്നു.

ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വി. ശ്രീജ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ.എസ്. ജയ, എ.വി. വല്ലഭൻ, ലത ചന്ദ്രൻ, പി.എം. അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഭാസ്‌കരൻ ആദംകാവിൽ, സാബിറ, കേരള ഫീഡ്‌സ് മാർക്കറ്റിംഗ് മാനേജർ അഖില, ക്ഷീര വികസന ഓഫീസർമാർ, ക്ഷീരസംഘം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുത്തു.