ചാലക്കുടി: രണ്ടു പതിറ്റാണ്ടുകാലം ചാലക്കുടിയിലെ രുചിക്കൂട്ടിനൊപ്പമുണ്ടായിരുന്ന ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം അവസാനിപ്പിക്കുന്നു. നഗരസഭാ കാര്യാലയത്തോടുനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന കോഫി ഹൗസിന്റെ അവസാന പ്രവൃത്തി ദിവസം ഇന്നാണ്. രാത്രി ഏഴോടെ ഇതിന്റെ ഷട്ടർ എന്നെന്നേയ്ക്കുമായി താഴും. അധികം വൈകാതെ കെട്ടിടം പൊളിച്ചുനീക്കുകയാണ്. ഇവിടെ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. മറ്റു കെട്ടിടങ്ങൾ ലഭിക്കാതായപ്പോൾ തത്ക്കാലം ചാലക്കുടിയിലെ സ്റ്റാൾ നിറുത്താനായിരുന്നു ഇന്ത്യൻ കോഫി ഹൗസി സാരഥികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇവിടുത്തെ 23 ജീവനക്കാരെയും മറ്റിടങ്ങളിലേയ്ക്ക് മാറ്റി. ഇക്കാലമത്രയും നഗരത്തിന്റെ സ്പന്ദനം കൂടിയായിരുന്നു സർക്കാർ ഓഫീസുകളുടെ നടുവിലായി പ്രവർത്തിച്ചിരുന്ന കോഫി ഹൗസ്. നഗരസഭാ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ ഇവിടുത്തെ അകത്തളങ്ങളിൽ സ്ഥരമായി ചർച്ച ചെയ്യപ്പെട്ടു. കോടതികളിലെ കേസുകൾ, സർക്കാർ ഓഫീസുകളിലെ പ്രശ്‌നങ്ങൾ. അങ്ങനെ നിരവധി സ്ഥാപനങ്ങളുടെ ദൈനംദിന കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിന് കോഫി ഹൗസിലെ കസേരകളും മേശകളും മൂകസാക്ഷിയായി. തൊട്ടടുത്ത പൊതുമരാമത്ത് വകുപ്പ് ഐബിയിലെത്തുന്ന മന്ത്രിമാരും ചലച്ചിത്രതാരങ്ങളും അടക്കം ഒട്ടനവധി വ്യക്തികൾ ചാലക്കുടിയിലെ ഇന്ത്യൻ കോഫി ഹൗസിന്റെ രുചിയറിഞ്ഞു. സ്ഥിരമായി നിരവധികുടുംബങ്ങൾ ഇവിടുത്തെ സന്ദർശകരാണ്.
തൊഴിലാളി പ്രസ്ഥാനത്തിന്റെ കൂട്ടായ്മയായ ഇന്ത്യൻ കോഫി ഹൗസിന്റെ ചാലക്കുടി സ്റ്റാളിന് മറ്റൊരു ചരിത്രം കൂടി പറയാനുണ്ടായിരുന്നു. കോഫി ഹൗസിൽ ആദ്യമായി വനിതകളെ നിയമിച്ചത് ഇവിടെയായിരുന്നു. സബിത, പ്രിയ എന്നീ രണ്ടു സ്ത്രീകൾ കഴിഞ്ഞ മൂന്നു വർഷമായി തീൻ മേശകളിൽ ഭക്ഷണമെത്തിച്ചു. ഇതിൽ ഒരാളെ കൊരട്ടിയിലേക്ക് മാറ്റി. തൃപ്പേക്കുളം സ്വദേശിനി പ്രിയ കൊടകരയിലേക്കാണ് മാറുന്നത്. ആദ്യമായി ജോലി ലഭിച്ചതുമുതൽ ചാലക്കുടിക്കാരുമായി ഇടപഴകിയ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ ആർദ്രമായ വാക്കുകളായിരുന്നു പ്രിയയുടേത്. നൂറുകണക്കിന് ആളുകൾക്ക് ഭക്ഷണം നൽകാൻ ചിട്ടവട്ടത്തോടെ ഒരുങ്ങിനിന്ന ഈ സ്ഥാപനം ഇല്ലാതാകുമ്പോൾ വേദനിക്കുന്ന ഒരുപാടുപേർ ഇവിടെയുണ്ട്. കൗതുകകരമായ മധുത്രയമാണ് ഭക്ഷണശാലയുടെ ചങ്കെന്ന് ജീവനക്കാർ പറയുന്നു. ഐരാണിക്കുളം സ്വദേശി മധുകുമാർ മാനോജരായ ഇവിടെ കോഫി ഒരുക്കുന്നത് ഇതേ നാട്ടുകാരനായ മറ്റൊരു മധു. ഇവരുടെ സുഹൃത്തായ മൂന്നാമത്തെ മധുവായിരുന്നു കൗണ്ടർ മാനേജർ.