തൃശൂർ: കാത്തിരിപ്പിനൊടുവിൽ റിഷാന്തിന് ഇന്ത്യൻ പൗരത്വം. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കളക്ടർ ഹരിത വി. കുമാർ പൗരത്വ രേഖ കൈമാറുമ്പോൾ അമ്മ ശ്രീദേവി സുരേഷും ഭാര്യ ഏക്താ ചൗധരിയും ആ നിമിഷത്തിന് സാക്ഷി. ചെമ്പൂക്കാവ് 'ഗംഗോത്രി'യിൽ ശ്രീദേവി സുരേഷിന്റെയും ശ്രീലങ്കൻ സ്വദേശി സുരേഷ് ഗംഗാധരന്റെയും മൂത്തമകനാണ് റിഷാന്ത്.
പിതാവിന്റെ പൗരത്വമാണ് റിഷാന്തിന്റെ രേഖകളിൽ ഉണ്ടായിരുന്നത്. കേരളത്തിൽ ജനിച്ചു വളർന്ന റിഷാന്തിനെയും സഹോദരൻ റിനോയിയെയും വിദേശ വിദ്യാർത്ഥികളായാണ് പരിഗണിച്ചിരുന്നത്. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കോലഴി ചിന്മയ വിദ്യാലയയിലും തുടർന്ന് ബംഗളൂരു ചിത്രകലാ പരിഷത്ത് ഫൈൻ ആർട്‌സ് കോളേജിലുമാണ് റിഷാന്ത് പഠിച്ചത്. ബിരുദപഠനത്തിനായി ബംഗളൂരുവിലെത്തിയ റിഷാന്ത് തുടർന്ന് അവിടെ തന്നെ ബിസിനസ് ചെയ്തുവരികയായിരുന്നു.
മുപ്പത്തിയേഴുകാരനായ റിഷാന്തിന്റെ ഭാര്യ ഏക്ത ചൗധരി ഡൽഹി സ്വദേശിയാണ്.