mandhri-p-rajiv
കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കാർഷിക മേഖലയുടെ മുന്നേറ്റത്തിന് കർഷക സംഘമുൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനം ഇടപെട്ട് സംരംഭങ്ങൾ ആരംഭിക്കണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും, കാർഷിക വികസന സാദ്ധ്യതയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും പ്രകടമാണ്. ഭക്ഷണത്തിലുൾപ്പെടെ ഉണ്ടായ മാറ്റത്തിനനുസരിച്ച് മൂല്യവർദ്ധിത ഉൽപ്പനങ്ങൾക്ക് ആവശ്യക്കാരേറെയാണ്. നമ്മുടെ ചക്കയും മാങ്ങയും പഴങ്ങളുമുപയോഗിച്ച് പുത്തൻ വിഭവങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. പ്രകൃതിദത്തമായവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഏത് ഉൽപന്നങ്ങൾക്കും ലോകമാർക്കറ്റിൽ വൻ സ്വീകാര്യതയാണ്. ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 16,673 പുതിയ സംരംഭങ്ങളിലൂടെ 42,009 പേർക്ക് തൊഴിൽ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ അബീദലി അദ്ധ്യക്ഷനായി. കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ, കാർഷിക ശാസ്ത്രജ്ഞൻ ഡോ.പി.പ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ്, പി.കെ ചന്ദ്രശേഖരൻ, അമ്പാടി വേണു, കെ.ആർ ജൈത്രൻ, എം.എസ് മോഹനൻ, ടി.കെ രമേഷ് ബാബു, ഒ.സി ജോസഫ്, ഇ.ജി സുരേന്ദ്രൻ, ഷീജ ബാബു, ഷീല രാജ് കമൽ എന്നിവർ സംസാരിച്ചു.