കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനം സ്മാർട്ടാക്കാൻ ബെയ്‌ലിംഗ് മെഷീൻ സ്ഥാപിച്ചു. നഗര സഞ്ചയ പദ്ധതിയുടെ ഭാഗമായി 3.8 ലക്ഷം ചെലവഴിച്ചാണ് ബെയ്‌ലിംഗ് മെഷീൻ വാങ്ങിയത്. ആശ്രയ ഫ്ലാറ്റിനു സമീപം സ്ഥിതി ചെയ്യുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മെഷീന്റെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസീം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അംബിക ശിവപ്രിയൻ, പഞ്ചായത്ത് അംഗങ്ങളായ സാറാബി ഉമ്മർ, തമ്പി ഇ. കണ്ണൻ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ നഫീസ അബ്ദുൽ കരീം സ്വാഗതവും ഹരിത കർമ്മസേന കോ- ഓർഡിനേറ്റർ ശ്രീജി നന്ദിയും പറഞ്ഞു. പുനരുപയോഗത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ വലിപ്പം കുറയ്ക്കാനാണ് ബെയ്‌ലിംഗ് മെഷിൻ സ്ഥാപിക്കുന്നത്.